ന്യൂദല്‍ഹി: ‘കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വരെ വിളിച്ചു. അഞ്ചു ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വെള്ളവും പോലും കിട്ടുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കം കടുത്ത മാനസികസമ്മര്ദ്ദത്തിലാണ്. എന്നാല്‍ യാതൊന്നും ചെയ്തു തരാന്‍ ഇരുവരും തയ്യാറായില്ല’. സമുദ്രനിരപ്പില്‍ നിന്നും 10800 അടി ഉയരത്തിലുള്ള ബദരീനാഥില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി തീര്‍ത്ഥാടക സംഘത്തിന്റെ വെളിപ്പെടുത്തലാണിത്.
ഇരുപതോളം മലയാളികളാണ് ബദരീനാഥില്‍ കുടുങ്ങിക്കിടക്കുന്നത്. കോട്ടയം,പാലാ,പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നുള്ളവരും വര്‍ക്കല ശിവഗിരി മഠത്തില്‍ നിന്നും എത്തിയ സ്വാമി ഗുരുപ്രസാദ് അടക്കമുള്ളവരും ഇവിടെ കഴിയുന്നുണ്ട്. ദിവസങ്ങളായി വൈദ്യുതി ബന്ധം താറുമാറായിക്കിടക്കുകയാണ്. സൈന്യം ഇന്നലെ മുതല്‍ ഭക്ഷണം എത്തിച്ചു തുടങ്ങിയതാണ് ഏക ആശ്വാസമെന്ന് പാലാ സ്വദേശി രാജന് ജന്മഭൂമിയോട് പറഞ്ഞു. 14ന് ബദരീനാഥിലെത്തിയവരാണ് രാജനും സംഘാംഗങ്ങളും. എന്നു തിരിച്ചുപോകാന്‍ പറ്റുമെന്നതു സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നും രാജന് പറഞ്ഞു.
ബദരീനാഥിലെ സ്വാമി ആത്മാരാമാനന്ദ സരസ്വതിയുടെ മഠത്തിലാണ് മലയാളികളായ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ കഴിയുന്നത്. ആശ്രമത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നുണ്ട്. ഏകദേശം അയ്യായിരത്തോളം ജനങ്ങളാണ് ബദരീനാഥില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് സ്വാമി ആത്മാരാമാനന്ദ സരസ്വതി പറഞ്ഞു. ബദരീനാഥില്‍ നിന്നുംജോഷിമഠിലേക്കുള്ള റോഡുകളെല്ലാം തകര്‍ന്നു തരിപ്പണമായി. കേദാര്‍നാഥിലാണ് ഏറ്റവും രൂക്ഷമായ സ്ഥിതിയുള്ളത്. ആയിരക്കണക്കിന് ജനങ്ങള്‍ ഇവിടെ മരണപ്പെട്ടിട്ടുണ്ടാകാമെന്ന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: