ഫോര്‍ട്ടാലേസ: കാല്‍പ്പന്തുകൊണ്ട് കവിത രചിക്കുന്ന ബ്രസീല്‍ സ്വതസിദ്ധമായ ഫോമിലേക്കുയര്‍ന്നതോടെ മെക്സിക്കോ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ നിന്ന് പുറത്തായി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കാനറികള്‍ മെക്സിക്കോയെ തകര്‍ത്തെറിഞ്ഞത്. ഈ വിജയം ബ്രസീലിയന്‍ കോച്ച് ലൂയി ഫിലിപ്പ് സ്കോളാരിക്കും ഏറെ ആത്മവിശ്വാസമേകുന്നതാണ്. മൈതാനം നിറഞ്ഞ് കളിക്കുകയും ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പര്‍താരം നെയ്മറാണ് ഈ മത്സരത്തിലെ താരം. ഒമ്പതാം മിനിറ്റില്‍ നെയ്മറും ഇഞ്ച്വറി സമയത്ത് ജോയുമാണ് കാനറികളുടെ ഗോളുകള്‍ നേടിയത്.
ലണ്ടന്‍ ഒളിമ്പിക്സിന്റെ ഫൈനലില്‍ മെക്സിക്കോയില്‍ നിന്നേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്രസീലിന്റെ ജയം. സ്കോളാരിയുടെ കീഴില്‍ വിജയിച്ചുതുടങ്ങിയ ബ്രസീല്‍ തങ്ങളുടെ പ്രതാപ കാലത്തെ അനുസ്മരിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സ്കോളാരിയുടെ കീഴില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് കാനറികള്‍ സ്വന്തമാക്കിയത്. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മെക്സിക്കോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു.
മത്സരത്തിന്റെ തുടക്കത്തില്‍ മെക്സിക്കോ ചില ആസൂത്രിത നീക്കങ്ങള്‍ ബ്രസീല്‍ ഗോള്‍മുഖത്തേക്ക് നടത്തിയെങ്കിലും പ്രതിരോധം ശക്തമായി പിടിച്ചുനിന്നു. സാവധാനത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തുകയും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത ബ്രസീല്‍ 9-ാം മിനിറ്റില്‍ മുന്നിലെത്തി. വലതുവിംഗില്‍ നിന്ന് ഡാനി ആല്‍വേസ് നല്കിയ മനോഹരമായ ക്രോസ് മെക്സിക്കന്‍ നായകന് ഫ്രാന്‍സിസ്കോ റോഡ്രിഗസിന്റെ ഹെഡ്ഡ് ചെയ്ത് ക്ലിയര്‍ ചെയ്തെങ്കിലും പന്ത് ലഭിച്ചത് സൂപ്പര്‍ താരം നെയ്മറിന്. പന്ത് നിലം തൊടുന്നതിന് മുന്നേ ഇടംകാലുകൊണ്ട് തൊടുത്ത കനത്ത അടിയ്ക്ക് മുന്നില്‍ ഗോളി ജോസ് കൊറോന മുഴുനീളെ പറന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് മുന്‍പ് 5-ാം മിനിറ്റില്‍ ഓസ്കര് മെക്സിക്കന്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിസില്‍ മുഴക്കി. ആദ്യ ഗോളിന്റെ ആത്മവിശ്വാസത്തില്‍ ഇരച്ചുകയറിയ കാനറികള്‍ 11-ാം മിനിറ്റില്‍ രണ്ടാം ഗോളിനടുത്തെത്തി. ഡാനി ആല്‍വേസിന്റെ ഉജ്ജ്വലമായ വോളി ഏറെ കഷ്ടപ്പെട്ടാണ് ജപ്പാന് ഗോളി കുത്തിയകറ്റിയത്.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ മെക്സിക്കോ നിരന്തരം ബ്രസീല്‍ ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി.
രണ്ടാം പകുതി ആരംഭിച്ച ഉടനെ ബ്രസീല്‍ വീണ്ടും മെക്സിക്കന്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. നെയ്മറെടുത്ത ഫ്രീക്കിക്കില്‍ നിന്ന് നായകന് തിയാഗോ സില്‍വ മെക്സിക്കന്‍ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയില്‍പ്പെട്ടു. അധികം കഴിയും മുന്നേ 55-ാം മിനിറ്റില്‍ ഫ്രെഡുമായി ചേര്‍ന്ന് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവില്‍ ഹള്‍ക്ക് തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. ഇതിനിടെ പ്രതിരോധ താരങ്ങളായ ജെറാര്‍ഡോ ഫ്ലോറസിനും ജോര്‍ജ് ടോറസിനും പകരം മധ്യനിരയില്‍ ഹെറ്റര്‍ ഹെരേരയെയും പാബ്ലോ ബരീരയേയും ഇറക്കിയതോടെ മെക്സിക്കന്‍ ആക്രമണങ്ങള്‍ക്ക് ലക്ഷ്യബോധം കൈവന്നെങ്കിലും ബ്രസീല്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. 81-ാം മിനിറ്റില മെക്സിക്കോയുടെ ഗോളെന്നുറച്ച നീക്കം തിയാഗോ സില്‍വയുടെ കൃത്യമായ ഇടപെടലിലൂടെ വിഫലമായി. മത്സരം ഇഞ്ച്വറി സമയത്തേക്ക് നീങ്ങിയപ്പോള്‍ ബ്രസീലിന്റെ രണ്ടാം ഗോളും പിറന്നു. നെയ്മറുടെ അളന്ന് കുറിച്ച പാസ് സ്വീകരിച്ച് പകരക്കാരനായി കളത്തിലിറങ്ങിയ ജോ തകര്‍പ്പന്‍ ഷോട്ടിലൂടെ മെക്സിക്കന്‍ വല കുലുക്കി. രണ്ട് മെക്സിക്കന്‍ പ്രതിരോധക്കാരെ കബളിപ്പിച്ച് ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് നെയ്മര്‍ നല്കിയ പന്തിലായിരുന്നു ജോ ഗോള്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: