കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് നേരിട്ടു ബന്ധമുണ്ടെന്ന് തെളിഞ്ഞ സോളാര്‍ തട്ടിപ്പ് കേസ് ആസൂത്രിതമായി വഴിതിരിക്കുന്നു. അറസ്റ്റിലായിമൂന്നു ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാത്തത് ഇതിന്റെ സൂചനയായി കരുതപ്പെടുന്നു.
ബിജുവിന്റെ ഭാര്യ രശ്മിയുടെ കൊലപാതകം, ഒരു ചെക്കുകേസ് എന്നിവയില്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2006 ല്‍ നടന്ന രശ്മിയുടെ മരണം സംബന്ധിച്ച അന്വേഷണം പാതിവഴിയില്‍ മുടങ്ങിയതിനെക്കുറിച്ചാണിപ്പോര്‍ പറയുന്നത്. കേസില്‍ ബിജുവിനെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍ സഹായിച്ചോ എന്നതും അന്വേഷണ വിഷയമാക്കുമെന്ന് അറിയുന്നു. ഇടതു സര്‍ക്കാരിന്റെ പങ്ക് പുറത്തായാല്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭം ഇല്ലാതാകുമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം.
അതിനിടെ, രശ്മിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്ന് കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ കേസില്‍ സ്ത്രീധന പീഡനക്കുറ്റം ചുമത്തിയെങ്കിലും 498(എ) വകുപ്പാണ് ചാര്‍ജുചെയ്തിരിക്കുന്നത്. മരണം സംഭവിച്ച കേസില്‍ ഈ വകുപ്പ് ഒരു കാരണവശാലും ചുമത്താന്‍ പാടില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. 304-ബി എന്ന വകുപ്പാണ് ചുമത്തേണ്ടത്. സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിയെ രക്ഷപെടുത്താനുള്ള നീക്കം ഉദ്യോഗസ്ഥതലത്തില്‍ ആരംഭിച്ചതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ലോക്കല്‍ പോലീസ് ഈ രീതിയില്‍ എഴുതിത്തള്ളിയ കേസാണ് പിന്നീട് രശ്മിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്് ക്രൈം ബ്രാഞ്ച് എറ്റെടുത്തത്. എന്നാല്‍ ആ അന്വേഷണവും പകുതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുടുങ്ങിയേക്കുമെന്ന ഘട്ടത്തിലെത്തിലാണ് ക്രൈംബ്രാഞ്ച് രശ്മിയുടെ കൊലപാതകം പൊടിതട്ടിയെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2006 ല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം എവിടെയെന്നത് ദുരൂഹമാണ്. ഇക്കഴിഞ്ഞ ദിവസമാണ് വീണ്ടും പരിശോധനാഫലം കണ്ടെത്തി രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചത്.
ഏഴ് വര്‍ഷം മുമ്പ് മരണം സംഭവിച്ച വീട്ടില്‍ കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധന നടന്നതും വിചിത്രമാണ്. ഇപ്പോള്‍ ബിജു രാധാകൃഷ്ണനെതിരെ കൊലപാതകം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് നടപടികള്‍ നീങ്ങുന്നത്. കേസില്‍ 302-ാം വകുപ്പ് കൂടി ചേര്‍ക്കണമെന്ന അപേക്ഷയിന്മേലുള്ള നടപടി ക്രമങ്ങളാണ് പുരോഗമിക്കുന്നത്.
സരിത.എസ്.നായരുടെ മൊഴിയനുസരിച്ച് അമ്പലപ്പുഴയിലെ സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നകുമാരന്‍നായര്‍ നല്കിയ അപേക്ഷമാത്രമാണ് പുതിയ വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള ഏക നടപടി. അപേക്ഷ അംഗീകരിച്ച കൊട്ടാരക്കര കോടതി അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയും മുന്‍മന്ത്രി ഗണേഷ് കുമാറുമടക്കമുള്ള വമ്പന്മാരെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ബിജു രാധാകൃഷ്ണന്റെ അറസ്റ്റോടെ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സംഭവങ്ങള്‍ സോളാര്‍ പാനല്‍ തട്ടിപ്പ് വിട്ട് ബിജുവിന്റെ ഭാര്യയുടെ മരണത്തിലൊതുങ്ങുകയാണ്. അതേ സമയം ഈ കേസില്‍ നിന്ന് ബിജുവിനെ രക്ഷപെടുത്താന്‍ സഹായിച്ചതാരാണെന്ന കണ്ടെത്തല്‍ സിപിഎം നേതൃത്വത്തിനും തലവേദനയായേക്കും. എല്‍ഡിഎഫ് ഭരണകാലത്താണ് ബിജുവിനെതിരെ കേസെടുത്തതെന്ന സിപിഎം അവകാശവാദവും ഇതോടെ പൊളിയുകയാണ്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: