കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കമ്പനിയ്ക്ക് നല്‍കിയത് കോടികള്‍. അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഇന്റഗ്രേറ്റഡ് പവ്വര്‍ലൂം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എസ്. ഇന്ത്യ (കെ) 243 എന്ന സൊസൈറ്റി നടത്തുന്ന മലയാളം ടെക്സ്റ്റെയില്‍ മില്‍ എന്ന സ്ഥാപനത്തിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വഴിവിട്ട് കോടികള്‍ നല്‍കിയത്.
ഉമ്മന്‍ചാണ്ടിയുടെ നിയോജകമണ്ഡലത്തില്‍പ്പെട്ട അയര്‍ക്കുന്നം, കൂരോപ്പട, പള്ളിക്കത്തോട്, പുതുപ്പള്ളി എന്നീ പഞ്ചായത്തില്‍പ്പെട്ട ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. അംഗങ്ങളില്‍നിന്നും ഓഹരി പിരിച്ചു രൂപീകരിച്ച സൊസൈറ്റിയില്‍ ഓഹരി ഉടമകള്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം.
കേന്ദ്ര ടെക്സ്റ്റെയില്‍ മന്ത്രാലയത്തിന്റെ കോടികളുടെ സാമ്പത്തിക സഹായം സൊസൈറ്റിക്ക് ലഭിക്കുന്നുണ്ട്. ഇതിനു പുറമെ ഉമ്മന്‍ചാണ്ടി കഴിഞ്ഞ തവണയും ഇപ്പോഴും മുഖ്യമന്ത്രിയായപ്പോഴൊക്കെ എല്ലാ സംസ്ഥാന ബജറ്റിലും രണ്ടു കോടി രൂപയുടെ ധനസഹായം വീതം പ്രഖ്യാപിക്കുന്നുണ്ട്. കമ്പനി വികസനത്തിന്റെ പേരിലാണ് തുക അനുവദിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍നിന്നും നൂല് എത്തിച്ച് തുണി നെയ്ത് വിപണിയിലെത്തിക്കുകയാണ് ചെയ്തുവരുന്നത്. ഇന്ന് ഈ സൊസൈറ്റി വലിയ സാമ്പത്തിക നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2010-2011 ല്‍ മാത്രം 16,86,431.71 രൂപയുടെ നഷ്ടമുണ്ടായി. തുടക്കം മുതല്‍ഓരോ വര്‍ഷവും കമ്പനി നഷ്ടത്തിലാകുന്നതല്ലാതെ ലാഭത്തിലെത്തിയിട്ടില്ല. 1996 മുതല്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയിലാണ് ഈ സ്ഥാപനം. ലക്ഷങ്ങളുടെ വൈദ്യുതി കുടിശിഖയാണ് നിലവില്‍ സൊസൈറ്റിക്കുള്ളത്. 2011 ല്‍ മാത്രം 11,52,310 രൂപാ വൈദ്യുതി കുടിശിഖയുണ്ട്.
വിവിധ തലങ്ങളില്‍ നിന്ന് ഫണ്ട് എത്തുന്നുണ്ടെങ്കിലും സ്ഥാപനത്തില്‍ യാതൊരു വികസനവും നടക്കുന്നില്ല. ജീവനക്കാര്‍ക്ക് കാലാനുസൃതമായി വേതനം നല്‍കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. അനുവദിക്കുന്ന കോടികളുടെ ഫണ്ട് എങ്ങോട്ട് പോകുന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം. മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ക്ക് പൊതു ഖജനാവ് ധൂര്‍ത്തടിക്കാന്‍ വേണ്ടിമാത്രമാണീ സൊസൈറ്റി എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വേതന വര്‍ദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് യൂണിയന്റെ നേതൃത്വത്തില്‍ കമ്പിനിയില്‍ സൂചനാ സമരം നടത്തിയിരുന്നു. മലയാളം ടെക്സ്റ്റെയില്‍ മില്‍ എന്ന സ്ഥാപനത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്. കോണ്‍ഗ്രസുകാര്‍ക്കും കമ്പിനി നടത്തിപ്പില്‍ അതൃപ്തിയുണ്ട്. തട്ടിക്കൂട്ട് കമ്പിനിക്ക് വഴിവിട്ട് സാമ്പത്തിക സഹായം അനുവദിച്ച മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗമാണ് നടത്തിയതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഈ നിലയില്‍ മീനടത്ത് പ്രിയദര്‍ശിനി സ്പിന്നിംഗ് മില്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
കെ. വി. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: