ചേര്‍ത്തല: പ്ലസ് ടു വിദ്യാര്‍ഥിനിയുടെ കുടലില്‍ ആറുവര്‍ഷം മുമ്പ് തറച്ച തയ്യല്‍ സൂചി ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. കെവിഎം ആശുപത്രിയിലാണ് സിആര്‍ സാങ്കേതികവിദ്യയിലൂടെ എക്സ്-റേ പരിശോധന നടത്തി ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്തത്. മാരാരിക്കുളം കാട്ടൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ആറുമാസം മുമ്പ് ബൈക്ക് അപകടത്തെ തുടര്‍ന്ന് ഇവിടെ ചികിത്സയ്ക്കെത്തിയപ്പോഴാണ് കുടലില്‍ സൂചി കണ്ടെത്തിയത്. എല്ലിന്റെ പൊട്ടല്‍ പരിശോധിക്കാനെടുത്ത എക്സ്-റേ പരിശോധനയിലാണ് സൂചി ദൃശ്യമായത്. ആറു വര്‍ഷം മുമ്പ് വസ്ത്രം തുന്നുന്നതിനിടെ സൂചിയില്‍ നൂല് കോര്‍ക്കുവാന്‍ വായില്‍ കടിച്ചുപിടിച്ചപ്പോള്‍ വിഴുങ്ങിപ്പോകുകയായിരുന്നു. ഭയംകാരണം കുട്ടി സംഭവം വീട്ടില്‍ ആരെയും അറിയിച്ചില്ല. പിന്നീട് പലപ്പോഴും വയറുവേദന അനുഭവപ്പെട്ടെങ്കിലും സൂചി വയറ്റിലുള്ള വിവരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. തുരുമ്പിച്ച നിലയില്‍ കണ്ടെത്തിയ സൂചിയുടെ ചുറ്റും കൊഴുപ്പ് അടിഞ്ഞ നിലയിലായിരുന്നു. പെണ്‍കുട്ടി സുഖംപ്രാപിച്ചു വരുന്നു. ഡോ.ഷമ്മി, ഡോ.അവിനാഷ്, അനസ്ത്യോളജിസ്റ്റ് ഡോ.വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: