കൊട്ടാരക്കര: സ്വദേശി ജാഗരണ്‍ മഞ്ച് ജില്ലാ പ്രസിഡന്റും ദീര്‍ഘകാലം ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റുമായിരുന്ന പള്ളിക്കല്‍ സുധാകരന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുറ്റ സംഘാടകനേയും പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന ആത്മമിത്രത്തേയും. പള്ളിക്കലില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ സുധാകരന് വഹിച്ച പങ്ക് വളരെ വലുതാണ്.
കൊട്ടാരക്കര മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ പാര്‍ട്ടി രൂപീകരണ സമയം മുതല്‍ ഒരു പ്രചാരകനെ പോലെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. പള്ളിക്കല്‍ ശാഖ ആരംഭിച്ചതുമുതല്‍ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് ട്രൗസറിട്ട് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലേക്ക് സംഘദൗത്യം എത്തിക്കാന്‍ പ്രയത്നിച്ചു. മെയിലം പഞ്ചായത്തുള്‍പ്പെട്ട മെയിലം മണ്ഡലത്തിന്റെ കാര്യവാഹക് ആയി ഏറെ നാളുകള്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് യത്നിച്ചു. തുടര്‍ന്ന് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ തന്റെ പ്രവര്‍ത്തനകേന്ദ്രം കൊട്ടാരക്കരയിലേക്ക് മാറ്റി. ബിജെപിയുടെ പ്രവര്‍ത്തനം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ എത്തിക്കാനും തന്റെ പ്രവര്‍ത്തന കാലയളവില്‍ തന്നെ താമര ചിഹ്നത്തില്‍ വാര്‍ഡംഗങ്ങളെ വിജയിപ്പിക്കാനും കഴിഞ്ഞു. മൂന്നു തവണ മണ്ഡലം പ്രസിഡന്റായും ഒരുതവണ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ജില്ലാകമ്മിറ്റി അംഗമായിരുന്നു ദീര്‍ഘനാള്‍. ബിജെപിയില്‍ നിന്നും ഇടക്കാലത്ത് പ്രവര്‍ത്തനമേഖല ബിഎംഎസിലേക്ക് മാറ്റി. അവിടേയും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ബിഎംഎസിന്റെ കൊട്ടാരക്കര മേഖലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ സ്വദേശി ജാഗരണ്‍മഞ്ചിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനായി നിരവധി യൂണിറ്റുകള്‍ രൂപീകരിച്ചു. ഈ യൂണിറ്റുകളില്‍ നിന്ന് സ്വദേശി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പഠിക്കാന്‍ നിരവധി യുവതിയുവാക്കള്‍ക്ക് അവസരം നല്കി. ഇന്ന് പല യൂണിറ്റുകളും നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു. ഇതിനിടയില്‍ നിരവധി അസുഖങ്ങള്‍ ബാധിച്ചെങ്കിലും അവയെ കൂസാതെ വിവിധ പ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായി.
പള്ളിക്കല്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റായതോടെ ദേവിവിലാസം എല്‍പി സ്കൂളിന്റെ മാനേജര്‍ സ്ഥാനവും തേടിയെത്തി. ഇവിടേയും തന്റേതായ ശൈലിയിലൂടെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. കുട്ടികള്‍ കൊഴിഞ്ഞ് പൊയ്ക്കെണ്ടിരുന്ന സ്ക്കൂളില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. മറ്റ് സ്കൂളുകളോട് മത്സരിക്കാന്‍ ഭൗതിക സൗകര്യങ്ങള്‍ കുറവായ സ്കൂളില്‍ സ്കൂള്‍ ഫണ്ടും, എം.പി. ഫണ്ടും ഉപയോഗിച്ച് രണ്ട് നിലകളുള്ള മനോഹരമായ സ്കൂള്‍ മന്ദിരം പണികഴിപ്പിച്ചു. സ്കൂള്‍ ബസ്സും സ്വന്തമായി വാങ്ങിയതോടെ സ്വകാര്യ സ്ക്കൂളുകളോട് മത്സരിക്കുന്ന സ്കൂളായി ഇതിനെ മാറ്റിയെടുത്തു. ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലേക്ക് ബിജെപി ബാനറില്‍ മത്സരിച്ച് നിസാര വോട്ടുകള്‍ക്ക് തോറ്റുപോയെങ്കിലും അതേ വാര്‍ഡില്‍ ബിജെപിയുടെ പ്രതിനിധിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് അദ്ദേഹം എന്നും ഓര്‍മിക്കുമായിരുന്നു.
സംഘപരിവാര്‍ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്ക് പോലീസ് കേസുകളില്‍ എന്നും ഒരു ആശ്രയമായിരുന്നു ഈ കരുത്തുറ്റ സംഘാടകന്‍.
ജന്മഭൂമിയുടെ കൊട്ടാരക്കരയിലെ ഏജന്റായിരുന്നു മരണം വരെയും. ആദ്യകാലത്ത് ജന്മഭൂമി പ്രദേശികലേഖകനായും പ്രവര്‍ത്തിച്ചു. കൊട്ടാരക്കരയിലെ വിവിധ കേന്ദ്രങ്ങളില്‍ ബഹുമുഖ പ്രതിഭയായി പ്രവര്‍ത്തിച്ച മാവിള സുധാകരന്റെ നഷ്ടം ഒരു തീരാനഷ്ടമായി പ്രവര്‍ത്തകരെ നൊമ്പരപ്പെടുത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: