റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ബ്രസീലും കരുത്തരായ ഇറ്റലിയും സെമിഫൈനല്‍ ലക്ഷ്യമാക്കി ഇന്ന് ഇറങ്ങുന്നു. ഇന്നത്തെ മത്സരത്തില്‍ കാനറികള്‍ക്ക് മെക്സിക്കോയും അസൂറികള്‍ക്ക് ജപ്പാനുമാണ് എതിരാളികള്‍.
ആദ്യമത്സരത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ബ്രസീല്‍ ഇന്ന് ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ ഇറ്റലിക്കെതിരായ അവസാനമത്സരത്തിന് മുന്നേ തന്നെ സെമിയില്‍ പ്രവേശിക്കാം എന്നതിനാല്‍ വിജയം മാത്രമായിരിക്കും അവരുടെ ലക്ഷ്യം. പ്രതിരോധനിരയിലെ കരുത്തന് തിയാഗോ സില്‍വ നയിക്കുന്ന ബ്രസീല്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുന്നേറ്റനിരയിലെ സൂപ്പര്‍താരം നെയ്മറുടെ ബൂട്ടുകളെതന്നെയാണ് ഇന്നും കാനറികള്‍ ആശ്രയിക്കുക. ജപ്പാനെതിരായ ആദ്യമത്സരത്തില്‍ നേടിയ അത്ഭുത ഗോളിന്റെ ആവേശത്തിലാണ് നെയ്മറും ഇന്ന് ഇറങ്ങുക. മുന്നേറ്റനിരയില്‍ നെയ്മറിനൊപ്പം ഫ്രെഡ് ഇന്നും ഇറങ്ങാനാണ് സാധ്യത. ജപ്പാനെതിരായ മത്സരത്തില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും നെയ്മറിന്റെ ഗോളിന് അവസരമൊരുക്കിയത് ഫ്രെഡായിരുന്നു. മധ്യനിരയില്‍ കളംനിറഞ്ഞു കളിക്കുന്ന ഹള്‍ക്കും ഓസ്കറും പൗളിഞ്ഞോയും ഗുസ്താവോയുമായിരിക്കും കളിനിയന്ത്രിക്കേണ്ട ചുമതല ഏറ്റെടുക്കുക. പ്രതിരോധനിരയും ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. തിയാഗോ സില്‍വ നയിക്കുന്ന പ്രതിരോധത്തില്‍ ഡാനി ആല്‍വ്സ്, സില്‍വ, മാഴ്സലോ എന്നിവരായിരിക്കും അണിനിരക്കുക. വിംഗുകള്‍ക്കൂടിയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡാനി ആല്‍വ്സും മാഴ്സെലോയുമായിരിക്കും. ഗോള്‍വലയം കാക്കാന്‍ ജൂലിയോ സെസാറും അണിനിരക്കുന്നതോടെ ബ്രസീല്‍ ഗോള്‍മുഖം എതിരാളികള്‍ക്ക് ബാലികേറാമലയായിരിക്കും. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ജപ്പാന് മുന്നേറ്റനിര ചില അവസരങ്ങളില്‍ ബ്രസീല്‍ പ്രതിരോധം ഭേദിച്ചിരുന്നു. ഈ കുറവ് പരിഹരിച്ച് കാനറികള്‍ ഇന്ന് ഇറങ്ങിയാല്‍ മെക്സിക്കോക്ക് ഏറെ കഷ്ടപ്പെടേണ്ടിവരും. അതുപോലെ നെയ്മറെ തളക്കുന്നതിലും അവര്‍ വിജയിക്കണം. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കനായ നെയ്മറെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെട്ടാല്‍ മെക്സിക്കോയുടെ കാര്യം കഷ്ടത്തിലാകും.
മറുവശത്ത് ഇറ്റലിയോട് ആദ്യ മത്സരത്തില്‍ പൊരുതി തോറ്റാണ് മെക്സിക്കോയുടെ വരവ്. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ മത്സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പ്. ഇറ്റലിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കോ പരാജയപ്പെട്ടത്.
എങ്കിലും തിരമാലകണക്കെ ആഞ്ഞടിക്കാനുള്ള കഴിവാണ് മെക്സിക്കോയുടെ കരുത്ത്. കരുത്തുറ്റ പ്രതിരോധമാണ് മെക്സിക്കോയുടെ കരുത്ത്. ആന്ദ്രെ പിര്‍ലോയും ഡാനിയേല ഡി റോസിയും മരിയോ ബെലോട്ടെല്ലിയും ഉള്‍പ്പെടുന്ന സൂപ്പര്താരനിരക്കെതിരെ നടത്തിയ പ്രകടനം മാത്രം മതി മെക്സിക്കോയുടെ കരുത്ത് തെളിയിക്കാന്‍.
33കാരനായ ഫ്രാന്‍സിസ്കോ ഹാവിയര്‍ റോഡ്രിഗസ് നയിക്കുന്ന ടീമില്‍ മികച്ച മധ്യനിരയും മുന്നേറ്റനിരയും മെക്സിക്കോക്ക് സ്വന്തമാണ്. മധ്യനിരയില്‍ കളി മെനയാന്‍ ജിയോവാനി ഡോസ് സാന്റോസും ജെറാര്‍ഡോ ടൊറാര്ഡോയും ജാവിയര്‍ അക്വിനോയും ആന്ദ്രെ ഗുര്‍ഡാഡോയും ഇറങ്ങുമ്പോള്‍ ഗോളടിക്കാനുള്ള ചുമതല ജാവിയര്‍ ഹെര്‍ണാണ്ടസിനാണ്. കോണ്‍ഫെഡറേഷന്‍ കാപ്പിലെ കണക്ക് മെക്സിക്കോക്ക് അനുകൂലമാണ്. മൂന്നുതവണ ഇരുടീമുകളും എറ്റുമുട്ടിയതില്‍ രണ്ടുതവണയും വിജയം മെക്സിക്കോക്കായിരുന്നു. ബ്രസീല്‍ ഒരുതവണയാണ് വിജയം സ്വന്തമാക്കിയത്. ഇതിന് മുമ്പ് 37 തവണയാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 21 തവണ വിജയം ബ്രസീലിനൊപ്പം നിന്നപ്പോള്‍ 10 തവണ മെക്സിക്കോയും വിജയം കരസ്ഥമാക്കി.
ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ഇറ്റലിയും ഏഷ്യന്‍ കരുത്തരായ ജപ്പാനും തമ്മില്‍ കൊമ്പുകോര്‍ക്കും. ആദ്യമത്സരത്തില്‍ മെക്സിക്കോയെ പരാജയപ്പെടുത്തിയ ഇറ്റലിക്ക് ഇന്നും ജയിച്ചാല്‍ സെമിയിലേക്ക് പ്രവേശിക്കാം. മറുവശത്ത് ജപ്പാന് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് അസൂറികളെ പരാജയപ്പെടുത്തിയേ മതിയാവൂ. ഇതിന് മുമ്പ് ഇരുടീമുകളും ഒരു തവണ മാത്രമാണ് മുഖാമുഖം വന്നത്. ഈ മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. പ്രതരോധമാണ് ഇറ്റലിയുടെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: