ഡബ്ലിന്‍: സിറിയന്‍ പ്രശ്നത്തില്‍ ജി-8 ഉച്ചകോടിയില്‍ സമവായത്തിന് ശ്രമം. വിവിധ രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായഭിന്നത പരിഹരിച്ച് ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സംയുക്ത പ്രസ്താവന നടത്താനാണ് ജി- 8 ഉച്ചകോടി ശ്രമിക്കുന്നത്. അയര്‍ലന്റിലെ ഡബ്ലിനിലാണ് ഉച്ചകോടി.
സിറിയയിലെ വിമതരെ അമേരിക്കയും സര്‍ക്കാരിനെ റഷ്യയും പിന്തുണയ്ക്കുമ്പോള്‍ ഇക്കാര്യത്തില്‍ സംയുക്ത പ്രസ്താവന വേണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യവും. സമാധാനചര്‍ച്ചയില്‍ സിറിയയിലെ ഇരുവിഭാഗങ്ങള്‍ക്കും സ്വന്തം നിലയില്‍ പ്രതിനിധികളുണ്ടെങ്കില്‍ പ്രസ്താവനയില്‍ ഒപ്പിടാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതായും സൂചനയുണ്ട്.
പ്രശ്നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ സമവായ ശ്രമങ്ങള്‍ക്കും മുന്‍പന്തിയിലാണ് ബ്രിട്ടന്. തുറന്ന ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ തിങ്കളാഴ്ച രാത്രിയില്‍ നേതാക്കള്‍ക്കായി വിരുന്നൊരുക്കിയിരുന്നു. സിറിയന്‍ പ്രശ്നത്തോടുള്ള തങ്ങളുടെ കാഴ്ച്ചപ്പാട് വ്യക്തമാക്കാന്‍ നേതാക്കള്‍ക്ക് അവസരം നല്‍കാനായി ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു സത്ക്കാരം. പ്രശ്നത്തില്‍ ജി-8 ഉച്ചകോടിയുടെ നിലപാട് വ്യക്തമാക്കുന്ന ഒരു സംയുക്ത പ്രസ്താവന ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഷ്യയെ ഒഴിവാക്കി പ്രശ്നത്തില്‍ സംയുക്ത പ്രസ്താവന നടത്തുന്നതിനെക്കുറിച്ച് ബ്രിട്ടന് നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് ഇപ്പോള്‍ സംയുക്ത പ്രസ്താവന നടത്തുന്നതില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായതായും റിപ്പോര്‍ട്ടുണ്ട്.
ജെയിനെവയില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയില്‍ സിറിയന്‍ നിലപാട് വ്യക്തമാക്കുന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ആഭ്യന്തരകലാപത്തില്‍ നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെയും ജി-8 ഉച്ചകോടി പിന്തുണയ്ക്കും. എന്നാല്‍ സിറിയയില്‍ അധികാരകൈമാറ്റത്തെക്കുറിച്ച് ഉച്ചകോടിക്ക് വ്യക്തമായ കാഴ്ച്ചപ്പാടില്ല. വിമതരെ സഹായിക്കുമെന്ന് അമേരിക്ക കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബാഷര്‍ അലി സര്‍ക്കാരിന് മതിയായ ആയുധങ്ങള്‍ നല്കി സഹായിക്കുമെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി 300ദശലക്ഷം ഡോളറിന്റെ സഹായം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും രണ്ടുതട്ടില്‍ നില്ക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും തിങ്കളാഴ്ച്ച പ്രത്യേകം ചര്‍ച്ച നടത്തി.
സ്വന്തം നിലപാടുകളില്‍ ഇരുരാജ്യങ്ങളും ഉറച്ച് നിന്നെങ്കിലും ഒടുവില്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനായി പൊതുവായ തീരുമാനത്തിനാണ് ആഗ്രഹിക്കുന്നതെന്ന അഭിപ്രായത്തിലെത്തിച്ചേര്ന്നു.
തങ്ങളുടെ അഭിപ്രായങ്ങള്‍ ഒരുതരത്തിലും ഐക്യപ്പെടില്ലെന്നും എന്നാല്‍ അക്രമം അവസാനിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഒബാമയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പുടിന് പ്രതികരിച്ചു.എന്തായാലും സിറിയയില്തുടരുന്ന കലാപത്തിന് അന്ത്യം കുറിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ജി 8 ഉച്ചകോടി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: