റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ സൂപ്പര്‍ സണ്ടേയില്‍ ഇറ്റലിക്കും സ്പെയിനിനും മികച്ച വിജയം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലി മെക്സിക്കോയെയും ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിന് ഉറുഗ്വെയെയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ഗ്രൂപ്പ് എയില്‍ നടന്ന വാശിയേറിയ പോരാട്ടത്തിന്റെ അവസാന മിനിറ്റില്‍ സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലി നേടിയ ഗോളാണ് അസൂറികള്‍ക്ക് വിജയം സമ്മാനിച്ചത്. 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇറ്റലി മെക്സിക്കോയെ മറികടന്നത്. തുടക്കം മുതല്‍ ആന്ദ്രെ പിര്‍ലോയും ഡാനിയേല ഡി റോസിയും മരിയോ ബലോട്ടെല്ലിയും ഉള്‍പ്പെട്ട ഇറ്റാലിയന്‍ താരനിര മെക്സിക്കന്‍ പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ടിരുന്നു. എന്നാല്‍ മത്സരത്തിലെ ആദ്യ അവസരം മെക്സിക്കോക്കാണ് ലഭിച്ചത്. 11-ാം മിനിറ്റില്‍ ഡോസ് സാന്റോസിന്റെ പാസില്‍ നിന്ന് ആന്ദ്രെ ഗുര്‍ഡാഡോ പായിച്ച തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. എന്നാല്‍ മത്സരത്തിലേക്ക് തിരിച്ചുവന്ന ഇറ്റലി തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്റെ 27-ാം മിനിറ്റില്‍ മുന്നിലെത്തി.
അസൂറികള്‍ക്ക് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. 25 വാര അകലെനിന്ന് ഫ്രീക്കിക്ക് വിദഗ്ധന്‍ ആന്ദ്രെ പിര്‍ലോ എടുത്ത കിക്ക് മെക്സിക്കന്‍ പ്രതിരോധ മതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിച്ചു. മെക്സിക്കന്‍ ഗോളി മുഴുനീളെ പറന്നെങ്കിലും ഗോള്‍ തടയാനായില്ല. ഗോള്‍നേട്ടത്തോടെ ഇറ്റലിക്കായുള്ള തന്റെ നൂറാം രാജ്യാന്തര മത്സരം പിര്‍ലോ അവിസ്മരണീയമാക്കി. എന്നാല്‍ ഇറ്റലിയുടെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. ഏഴു മിനിട്ട് പിന്നിട്ടപ്പോള്‍ മെക്സിക്കോ ഗോള്‍ മടക്കി. ഡോസ് സാന്റോസിനെ ബോക്സിനുള്ളില്‍ വച്ച് ബര്‍സാഗ്ലി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മെക്സിക്കോ സമനില പിടിച്ചത്. കിക്കെടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസ് ഇറ്റാലിയന്‍ ഗോളി ബഫണിനെ കബളിപ്പിച്ച് ഗോള്‍വല കുലുക്കി. ആദ്യപകുതിയില്‍ ഇരു ടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞു. അധികം വൈകാതെ ലീഡ് നേടാനുള്ള അവസരം ഇറ്റലിക്ക് കൈവന്നെങ്കിലും പിര്‍ലോക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ഇരു ടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ ആക്രമണങ്ങളെല്ലാം പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സമയത്താണ് ഇറ്റലിയന്‍ വിജയം ഉറപ്പിച്ച ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ഇമ്മാനുവല്‍ ജിയാച്ചെര്‍നി രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ പന്ത് ബെല്ലോട്ടെല്ലിക്ക് നീട്ടിനല്‍കി. പന്ത് പിടിച്ചെടുത്ത ബെല്ലോട്ടെല്ലി തന്നെ വളഞ്ഞുവെച്ച മെക്സിക്കന്‍ താരങ്ങളെ കബളിപ്പിച്ച് തകര്‍പ്പന്‍ വലംകാലന്‍ ഷോട്ടിലൂടെ വല കുലുക്കി. തൊട്ടുപിന്നാലെ ബെലോട്ടെല്ലിക്ക് മഞ്ഞകാര്‍ഡ് കിട്ടി. ഗോള്‍ നേടിയശേഷം ജേഴ്സി അഴിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതിനാണ് ബെലോട്ടെല്ലിക്ക് കാര്‍ഡ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: