തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വണ്ടിച്ചെക്ക് നല്കി പറ്റിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രചരിപ്പിച്ച ശേഷം രണ്ടു ലക്ഷത്തിന്റെ ചെക്കുനല്കിയത്. 2011 ആഗസ്ത് എട്ടിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് ടീ സോളാര്‍ കമ്പനി പ്രതിനിധികളില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചെക്ക് സ്വീകരിച്ചത്. ഫോട്ടോഗ്രാഫര്‍മാരുമായി വന്നാണ് ചെക്ക് നല്‍കിയത്.
മുഖ്യമന്ത്രിക്ക് തുക നല്കുന്ന ചിത്രം പിന്നീട് ധനശേഖരണത്തിനുള്ള പ്രചാരണ ചിത്രമായി ടീം സോളാര്‍ ഉപയോഗിച്ചു. ഈ ചിത്രം കാണിച്ചാണ് തങ്ങളില്‍നിന്ന് വന്‍തുക കമ്പനിയിലേക്ക് വാങ്ങിയതെന്ന് തട്ടിപ്പിനിരയായ നിരവധിപേര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. തുടര്‍ന്നാണ് ചിത്രം തേടി പോലീസ് ഇറങ്ങിയത്. മുഖ്യമന്ത്രിയോടൊപ്പം നില്ക്കുന്ന ഫോട്ടോ ഉപയോഗിച്ച് സോളാര്‍ തട്ടിപ്പ് കമ്പനി കോടികള്‍ സമ്പാദിക്കുകയും ചെയ്തു. നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാന്‍ ‘മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ’ സംഭവന നല്‍കിയിരിക്കുന്നുവെന്ന പ്രിന്റ് ചെയ്ത ഫോട്ടോയാണ് തങ്ങളെ കാണിച്ചതെന്ന് കബളിപ്പിക്കപ്പെട്ട നിരവധിപേര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന ചെക്കുകള്‍ ധനവകുപ്പിന് കീഴിലെ മോണിറ്ററിങ് സെല്ലിനാണ് കൈമാറുക. ഈ സെല്‍ ആണ് ചെക്ക് കളക്ഷന്‍ അയയ്ക്കുന്നത്. കളക്ഷനയക്കാനായി കവര്‍ പൊട്ടിച്ചപ്പോഴാണ് വാഗ്ദാനം ചെയ്തിരുന്ന തുക ചെക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് മനസിലായത്. തുടര്‍ന്ന് ജീവനക്കാര്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് ചെക്ക് ആഗസ്ത് മാസം കളക്ഷനയച്ചു. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് ബൗണ്‍സായി. സാധാരണ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുന്ന പല ചെക്കുകളും ഇങ്ങനെ പണമില്ലാതെ തിരിച്ചുവരിക സാധാരണമായതിനാല്‍ ഉദ്യോഗസ്ഥര്‍ കാര്യമാക്കിയില്ല. ചെക്ക് മടങ്ങിയ വിവരം അക്കൗണ്ട് ഉടമയെ വിളിച്ചറിയിച്ചാല്‍ ഉടന്‍ തന്നെ അക്കൗണ്ടില്‍ പണം എത്തിക്കാറുണ്ട്. ചെക്കുമടങ്ങിയ വിവരം ടീം സോളാര്‍ കമ്പനിയെ പലതവണ അറിയിച്ചിട്ടും മറുപടി ഇല്ലാതെ വന്നതോടെ ധനവകുപ്പിലെ ഉദ്യോഗസ്ഥന് ടീം സോളാറിന്റെ ഓഫീസിലെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചോളാമെന്ന മറുപടിയാണ് ലഭിച്ചത്.
വാഗ്ദാനം ചെയ്ത 25 ലക്ഷത്തിന്റെ പത്തിലൊന്നുപോലും ചെക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അനുകൂല നിലപാടല്ല ഉണ്ടായതെന്നും തട്ടിപ്പു കമ്പനിയാണെന്നും ദുരിതാശ്വാസനിധി മോണിറ്ററിങ് രേഖാമൂലം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന വണ്ടിച്ചെക്കുകളില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കുകയായിരുന്നുവെന്ന് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: