തിരുവനന്തപുരം: ചലച്ചിത്ര സീരിയല്‍ നടി ശാലു മേനോനും സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. സോളാര്‍ തട്ടിപ്പിന് ഇരയായവുരും ടീം സോളാര്‍ കമ്പനിയിലെ ജീവനക്കാരുമാണ് ഇരുവരുടെയും ബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ ശാലുമേനോനെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യും. അതേസമയം സോളാര്‍ കമ്പനിയുടെ പേരില്‍ ശാലു മേനോനും തട്ടിപ്പു നടത്തിയിട്ടുള്ളതായി തട്ടിപ്പിന് ഇരയായവര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മൊഴി നല്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലു മേനോന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയതായി പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ റഫീക്ക് അലി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ശാലു മേനോനും ബിജു രാധാകൃഷ്ണനും അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും റഫീക്ക് അലി പരാതിയില്‍ പറയുന്നു. ഇതിനിടെ ബിജു രാധാകൃഷ്ണനും നടി ശാലു മേനോനും തമ്മില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതായും റഫീഖ് അലി പോലീസിന് മൊഴി നല്കി. കമ്പനിയിലേക്ക് ജീവനക്കാരെ തെരഞ്ഞെടുത്തിരുന്നത് ശാലു മേനോന് ആയിരുന്നതായീ ചൂണ്ടിക്കാട്ടി ടീം സോളാറിന്റെ തിരുവനന്തപുരത്തെ ഫ്രാഞ്ചെസിയായ സ്വിസ് അധികൃതരും പോലീസ് കമ്മീഷണര്‍ക്ക് മൊഴി നല്കി. രണ്ടു തവണ ബിജുവിനൊപ്പം ശാലു തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയിട്ടുണ്ട്. റഫീഖ് പണം നല്കുമ്പോള് ശാലുമേനോനും ബിജുവിനൊപ്പമുണ്ടായിരുന്നു. വിന്‍ഡ്ഫാം രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ കമ്പനിക്ക് ജര്‍മന്‍ കമ്പനിയുമായി ബന്ധമുണ്ടെന്നു പറഞ്ഞ് കമ്പനിയുടെ ഷെയര്‍ വാഗ്ദാനം ചെയ്തിരുന്നു. ഓഹരിയും ദുബായിലെ വിതരണാവകാശവും ബിജു വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് വിന്‍ഡ് ഫാം സ്ഥാപിച്ചുനല്‍കാമെന്നു പറഞ്ഞാണ് 25 ലക്ഷം രൂപ വാങ്ങിയത്.
ആദ്യം എറണാകുളത്തെ ഓഫീസിലെത്തിയാണ് താന്‍ 20 ലക്ഷം രൂപ നല്‍കിയത്. ഈ സമയത്ത് ശാലു മേനോന് ഓഫീസില്‍ ബിജുവിനൊപ്പമുണ്ടായിരുന്നു. പണം അടിയന്തിരമായി ആവശ്യപ്പെട്ട് ബിജു ഫോണില്‍ ബന്ധപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ഓഫീസിലെത്തി പണം നല്‍കിയത്. പിന്നീട് ബിജുവും ശാലു മേനോനും അമ്മയും അമ്മൂമ്മയും മണക്കാടുള്ള തന്റെ വീട്ടിലെത്തിയാണ് ബാക്കിയുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ വാങ്ങിയത്. പുതിയതായി വാങ്ങിയ ഫോക്സ് വാഗണ്‍ കാറിലാണ് ഇവര്‍ എത്തിയതെന്നും റഫീക്ക് മൊഴിനല്‍കി. സോളാര്തട്ടിപ്പുകേസുകള് എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ ചുമതലയിലാണ്. തട്ടിപ്പുകേസിലെ അന്വേഷണപുരോഗതി വിലയിരുത്താന്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ പോലീസ് ആസ്ഥാനത്ത് ഉന്നതലയോയം ചേര്‍ന്നിരുന്നു. എഡിജിപി എ.ഹേമചന്ദ്രനു പുറമെ ആറ് ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: