ബ്രസീലിയ: കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഒഎഫ്സി മേഖലാ ജേതാക്കളായ താഹിതിക്ക് ഇന്ന് അരങ്ങേറ്റം. ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന നൈജീരിയയാണ് താഹിതിയുടെ എതിരാളികള്‍.
ഫിഫ റാങ്കിംഗില്‍ 138-ാം സ്ഥാനത്താണ് താഹിതി. ഓഷ്യാനിയ മേഖലയിലെ സജീവ ഫുട്ബാള്‍ ദ്വീപാണെങ്കിലും ഇക്കുറി അട്ടിമറിയുമായി 2012 ഓഷ്യാന ചാമ്പ്യന്മാരായതോടെയാണ് താഹിതി മുഖ്യധാരയിലെത്തിയത്. ന്യൂസിലാന്റിനും ഓസ്ട്രേലിയക്കും ശേഷം ഓഷ്യാന മേഖലയില്‍ ഒരു കിരീടാവകാശി ഉണ്ടായതും താഹിതിയിലൂടെയാണ്. തെഹാവൂ കുടുംബത്തിലെ നാല്‍വര്‍ സംഘത്തിന്റെ കരുത്തിലാണ് താഹിതി ആദ്യ കിരീടം സ്വന്തമാക്കിയത്. ലോറെന്‍സോ തെഹാവു, ആല്വിന് തെഹാവു, ജോനാഥന് തെഹാവൂ, പിതൃസഹോദര പുത്രന് തിയൊനുയി എന്നിവരാണ് ഈ നാല്‍വര്‍ സംഘം. ഓഷ്യാന ചാമ്പ്യന്‍ഷിപ്പില്‍ തഹിതി നേടിയ 20 ഗോളില്‍ 15 എണ്ണവും തെഹാവു സഹോദരന്മാരാണ് നേടിയത്. കോണ്‍ഫെഡറേഷന്‍ കാപ്പിലും ഈ സഹോദരന്മാര് അദ്ഭുതം കാണിക്കുമെന്നാണ് തഹിതിക്കാരുടെ വിശ്വാസം.
പ്രതിരോധനിരയിലെ കരുത്തന് നിക്കോളാസ് വല്ലാറാണ് ടീം നായകന്. പ്രതിരോധത്തിന് മുന്‍തൂക്കം കൊടുത്ത് 4-4-2 ശൈലിയിലാണ് താഹിതി പൊതുവില്‍ സ്വീകരിക്കാറുള്ളത്. ഇന്നത്തെ പോരാട്ടത്തിലൂം ഈ രീതിതന്നെയായിരിക്കും ടീം അവലംബിക്കുക.
ടീമിന്റെ ശ്രദ്ധാ കേന്ദ്രങ്ങളാണ് മറമ വഹിറുവയെന്ന വെറ്ററന്‍ താരവും നിക്കോളാസ് വല്ലാറും. മുപ്പത്തിമൂന്നുകാരനായ വഹിറുവ ഫ്രാന്‍സിന്റെ അണ്ടര്‍ 21 ടീമില്‍ കളിച്ചിട്ടുണ്ട്. ഓഷ്യാന നേഷന്‍സ് കാപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഇരുപത്തിയൊമ്പതുകാരനായ നിക്കോളാസ് വല്ലാറിനായിരുന്നു. ഫ്രഞ്ച് ലീഗുകളില്‍ കളിച്ചു പരിചയമുള്ള വല്ലാറും വഹിറുവയും തെഹാവു സഹോദരന്മാര്ക്കൊപ്പം ചേരുന്നതോടെ തഹിതി കോണ്‍ഫെഡറേഷന്‍സ് കാപ്പില്‍ ചലനം സൃഷ്ടിച്ചേക്കും.
അതേസമയം താഹിതിയെ അപേക്ഷിച്ച് എത്രയോ കരുത്ത് കൂടിയവരാണ് ആഫ്രിക്കന്‍ നേഷന്‍സ് കിരീടം നേടി കോണ്‍ഫെഡറേഷന്‍ കപ്പിനെത്തുന്ന നൈജീരിയ. ഫിഫ റാങ്കിംഗില്‍ 28-ാം സ്ഥാനക്കാരായ നൈജീരിയ അട്ടിമറികള്‍ക്ക് പേരുകേട്ട രാജ്യമാണ്. ഗോള്‍കീപ്പര്‍ വിന്‍സന്റ് എന്യേമ നയിക്കുന്ന ടീമില്‍ പരിചയസമ്പന്നരും യുവാക്കളുമാണ് അടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ രണ്ട് തവണ മാന്‍ ഓഫ് ദി മാച്ച് ബഹുമതി ലഭിച്ച താരമാണ് ഗോളി വിന്‍സന്റ് എന്യേമ.
യൂറോപ്പിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന ഉവ എചിലെ, എഫ് ആംബ്രോസ് (പ്രതിരോധം), ഒഗ്നെയി ഒനാസി, മൈക്കല്‍ ജോണ്‍ ഒബി, മൈക്കല്‍ ബാബാതുണ്ടെ (മധ്യനിര), ജോസഫ് അക്പല, ബ്രൗണ്‍ എദിയ, ആന്റണി ഉജ (മുന്നേറ്റനിര) തുടങ്ങിയവരാണ് ടീമിലെ പ്രധാന താരങ്ങള്‍.
ഇരു ടീമുകളും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. എങ്കിലും ഇന്നത്തെ പോരാട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കം കരുത്തരായ നൈജീരിയക്കുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: