തൊഴില്‍ വാഗ്ദാനം നല്‍കി ഗള്‍ഫിലെത്തി ക്രൂരമായി ചതിക്കപ്പെട്ട പത്തനംതിട്ട സ്വദേശിനിയായ യുവതി തന്റെ അനുഭവങ്ങള്‍ ജന്മഭൂമിയോട് വെളിപ്പെടുത്തുന്നു
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുന്ന ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളാണ് മണലാരണ്യങ്ങളില്‍ കഴുകന്‍ കണ്ണുമായി കാത്തുനില്‍ക്കുന്ന പെണ്‍വാണിഭ സംഘങ്ങളുടെ കൈയില്‍ അകപ്പെടുന്നത്. ഇവര്‍ പലപ്പോഴും പിന്നീട് ഉറ്റവരേയും ഉടയവരേയും കാണാനാവാതെ എരിഞ്ഞടങ്ങുകയാണ് പതിവ്. ഗള്‍ഫ് നാടുകളില്‍ നടക്കുന്ന ഈ മാംസക്കച്ചവടം പുറംലോകമറിയുന്നത് ഇവിടെനിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപെട്ടെത്തിയ പത്തനംതിട്ട സ്വദേശിനി നല്‍കിയ പരാതിയിലൂടെയാണ്.
സംഭവം നടന്ന് ആറ് വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ഒരുമാസം കൂടി അവശേഷിക്കെ പത്തനംതിട്ട അതിവേഗ കോടതിയിള്‍ നടന്നുവരുന്ന കേസ് അന്തിമഘട്ടത്തിലേക്ക് കടന്നു. 24 സാക്ഷികളുള്ള കേസില്‍ വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജഡ്ജി ഇന്ന് വകുപ്പ 313 അനുസരിച്ച് ക്രിമിനല്‍ നടപടിക്രമങ്ങളിലേക്ക് കടക്കും.
കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയതോടെ ആദ്യം ഗള്‍ഫിലും അവിടെനിന്നും നാട്ടിലെത്തിയശേഷവും തനിക്കുണ്ടായ ക്രൂരവും ഞെട്ടിക്കുന്നതുമായ നീതി നിഷേധങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും പീഡനത്തിനിരയായ യുവതി ജന്മഭൂമിയോട് വെളിപ്പെടുത്തി.
“നിര്‍ദ്ധന കുടുംബത്തിലെ അംഗമായ എനിക്ക് അയല്‍ വാസിയായ പത്തനംതിട്ട കുലശേഖരപതി കൊപ്ലിവീട് ഷഹനാ മന്‍സിലില്‍ സൗദ ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് ഗേളായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഇവര്‍ തന്റെ പാസ്സ്പോര്‍ട്ടു വാങ്ങി. 2007 ജൂലൈ 19ന് സൗദ തന്നെ ഷാര്‍ജയില്‍ എത്തിച്ചു. ഒരു വലിയ ഫ്ലാറ്റിലേക്കാണ് അദ്യം കൊണ്ടുപോയത്. ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കി എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. പണം പറ്റി സംഘം അയച്ച യുവാവിനോട് എന്റെ നിസ്സഹായവസ്ഥ പറഞ്ഞു. ഇയാള്‍ വിവരം നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ ഷാര്‍ജയിലെ ചില ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടാണ് മാഫിയാ സംഘത്തിന്റെ തടവറയില്‍നിന്നും രക്ഷപെടുത്തി നാട്ടിലെത്തിച്ചത്.”
പരാതി നല്‍കി പക്ഷേ…
2007 ആഗസ്റ്റ് മാസം 13ന് നാട്ടില്‍ തിരിച്ചെത്തിയ യുവതി അടുത്ത ദിവസം തന്നെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പത്തനംതിട്ട സി.ഐ വിദേശത്ത് നടന്ന സംഭവമായതിനാല്‍ കേസ് രജിസ്ട്രര്‍ ചെയ്യാനോ സംഭവത്തെപ്പറ്റി അന്വേഷിക്കാനോ തയ്യാറായില്ല.വീണ്ടും യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത സി.ഐ ഒന്നാം പ്രതിയുടെ സഹോദരനെ കൂട്ടിയാണ് അന്വേഷണത്തിന് യുവതിയുടെ വീട്ടിലെത്തിയത്. “പരാതിയില്‍ നിന്നും പിന്മാറാന്‍ പ്രതികളോടൊപ്പം പോലീസുകാരും പറഞ്ഞതോടെ ഞാന്‍ ആദ്യം പതറി. നല്‍കിയ പരാതി അന്വേഷിക്കാതെ നാലുവര്‍ഷം പത്തനംതിട്ട പോലീസ് നിഷ്ക്രിയരായി. ഇതേതുടര്‍ന്നാണ് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്.”
ഹൈക്കോടതി ഇടപെടല്‍
പരാതി പരിശോധിച്ച ഹൈക്കോടതി കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിക്കുകയും സമഗ്ര അന്വേഷണം നടത്താന്‍ എഡിജിപിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് തിരുവന്തപുരം റേഞ്ച് ഐജി ആയിരുന്ന കെ. പത്മകുമാറിന് അന്വേഷണച്ചുമതല നല്‍കി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ യുവതി ചൂണ്ടികാട്ടിയ കാര്യങ്ങള്‍ എല്ലാം ശരിയാണെന്നു തെളിഞ്ഞു. ഇതോടെ കേസില്‍ കുറ്റകരമായ അനാസ്ഥകാട്ടിയ പത്തനംതിട്ടയിലെ രണ്ട് സി.ഐ മാരേയും
വനിതാ എസ്‌ഐ ഉള്‍പ്പെടെ രണ്ട് എസ്‌ഐ മാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിക്കുകയും സസ്പന്റുചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ അന്വേഷണ സംഘം ആരംഭിച്ചത്. ഗള്‍ഫിലായിരുന്ന ഒന്നാം പ്രതി സൗദയുടെ വീട് റെയ്ഡ് ചെയ്തുകൊണ്ടാണ് പ്രത്യേക സംഘം തങ്ങളുടെ രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചത്. നിരവധിയുവതികളെ വിദേശത്ത് എത്തിച്ചതിന്റെ രേഖകളും കണ്ടെത്തി.
വിചാരണവേളയില്‍ കൊലപ്പെടുത്താനും ശ്രമം
ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ യുവതി കേസിലുറച്ചുനിന്നതോടെ ഇവരെ കൊലപ്പെടുത്താന്‍ പ്രതിഭാഗം പലതവണ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം യുവതിക്ക് പോലീസ് സംരക്ഷണം നല്‍കി. എന്നാല്‍ പോലീസ് സംരക്ഷണത്തിലും യുവതിക്കെതിരേ നഗരമദ്ധ്യത്തില്‍വെച്ച് വധശ്രമം നടന്നു. യുവതിയെ കൊലപ്പെടുത്താനെത്തിയ ഒന്നാം പ്രതിയുടെ വീട്ടുജോലിക്കാരനായ യുവാവിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. വിചാരണവേളയില്‍ കോടതിയിലെത്തിയ പോലീസുകാരെ സൗദയുടെ മകളും ബന്ധുക്കളും ചേര്‍ന്ന് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഈ കേസില്‍ ഷെമിയായ്‌ക്ക് പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതിനിടെ 24 സാക്ഷികളുള്ള കേസിലുടനീളം സാക്ഷികളെ സ്വാധീനിക്കുന്നതിനും മൊഴിമാറ്റി പറയിപ്പിക്കുന്നതിനും പ്രതിയുടെ ബന്ധുക്കള്‍ തീവ്രശ്രമാണ് നടത്തിയത്. ഇപ്പോള്‍ കേസ് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഗള്‍ഫില്‍ നടന്ന കുറ്റകൃത്യത്തിന്റെ പേരില്‍ കേസെടുക്കുകയും പ്രതികളെ പിടികൂടി നിയമത്തിന് മുമ്പില്‍ എത്തിക്കുകയും ചെയ്യുന്ന ആദ്യകേസാണ് ഷാര്‍ജ പെണ്‍വാണിഭം.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: