ന്യൂദല്‍ഹി: മാസത്തില്‍ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ ഇടിവ്. മെയ് മാസത്തില്‍ 4.70 ശതമാനമായിരുന്നു പണപ്പെരുപ്പം. ഏപ്രിലില്‍ ഇത് 4.89 ശതമാനമായിരുന്നു.
തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവിലെ പണപ്പെരുപ്പ നിരക്ക് 7.55 ശതമാനമായിരുന്നു. മെയ് മാസത്തില്‍ നിര്‍മാണ സാമഗ്രികളുടെ വിലയില്‍ 3.11 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.
ഏപ്രിലില്‍ ഇത് 3.41 ശതമാനമായിരുന്നു. ഭക്ഷ്യ ഇതര വിഭാഗത്തില്‍ ഉള്‍പ്പെട്ട ഫൈബര്‍, എണ്ണക്കുരു, ധാതുക്കള്‍ മുതലായവയുടെ വിലപ്പെരുപ്പത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
ഏപ്രിലില്‍ 7.59 ശതമാനമായിരുന്നത് മെയ് മാസത്തില്‍ 4.88 ശതമാനമായി ഇടിഞ്ഞു. എന്നിരുന്നാലും ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഇടിവ് ഉണ്ടായിട്ടില്ല. ഏപ്രിലില്‍ ഭക്ഷ്യവസ്തുക്കളുടെ വിലപ്പെരുപ്പം 6.08 ശതമാനമായിരുന്നത് കഴിഞ്ഞ മാസം 8.25 ശതമാനമായി ഉയര്‍ന്നു.
ഉള്ളി, പച്ചക്കറികള്‍, പ്രോട്ടീന്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ മുതലായവയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഭക്ഷ്യ വിലപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണം.
പച്ചക്കറി വില 4.85 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ഏപ്രിലില്‍ ഇത് (-) 9.05 ശതമാനമായിരുന്നു. ഉള്ളിവിലയില്‍ ക്രമാതീതമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മെയ് മാസത്തില്‍ ഉള്ളിവിലയില്‍ 97.40 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഏപ്രിലില്‍ 91.69 ശതമാനമായിരുന്നു. മുട്ട, മത്സ്യം, മാംസം മുതലായവയുടെ വിലയില്‍ 11.21 ശതമാനം വര്‍ധനവുണ്ടായി.
ഗോതമ്പ് വില 13.89 ശതമാനത്തില്‍ നിന്നും 12.65 ശതമാനമായി ഇടിഞ്ഞു. അരി, ഭക്ഷ്യധാന്യങ്ങള്‍ മുതലായവയുടെ വിലയില്‍ യഥാക്രമം 18.38 ശതമാനം, 16.01 ശതമാനം വര്‍ധനവുണ്ടായി.
മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നേരത്തെ കണക്കാക്കിയുന്ന 5.96 ശതമാനത്തില്‍ നിന്നും 5.65 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്കില്‍ നെരിയ ഇടിവുണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടക്കുന്ന ആര്‍ബിഐയുടെ മധ്യ പാദ ധനവായ്പാ നയ അവലോകനത്തില്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പലിശ നിരക്കില്‍ കുറവ് വരുത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: