ന്യൂദല്‍ഹി: ജെറ്റ്- ഇത്തിഹാദ് കരാറിന്മേല് തീരുമാനം എടുക്കുന്നത് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നീട്ടി. 2,058 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിനാണ് ഇരു കമ്പനികളും ധാരണയിലെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമായിട്ടാണ് ഇത് കണക്കാക്കുന്നത്. ജെറ്റ്- ഇത്തിഹാദ് കരാറില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിപണി നിയന്ത്രിതാവായ സെബിയും സിസിഐയും ആവശ്യപ്പെട്ടിരുന്നു.
പൊതു ഓഹരി ഉടമകളുടേയും ഉപഭോക്താക്കളുടേയും താത്പര്യങ്ങളെ കരാര്‍ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജെറ്റ് എയര്‍വേയ്സിന്റെ 24 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിനാണ് ഇത്തിഹാദ് ധാരണയിലെത്തിയിരിക്കുന്നത്.
കരാറിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്കുകയാണെങ്കില് അന്തിമ അനുമതി നേടുന്നതിനായി സാമ്പത്തിക കാര്യ മന്ത്രി സഭാ സമിതിയുടെ പരിഗണനയ്ക്ക് വിടും.
വിദേശ നിക്ഷേപം 1,200 കോടിയില്‍ അധികമാണെങ്കില്‍ സാമ്പത്തിക കാര്യ മന്ത്രി സഭാ സമിതിയുടെ അനുമതി നേടേണ്ടതുണ്ട്. 2013 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ജെറ്റിന്റെ അറ്റ നഷ്ടം 495.53 കോടി രൂപയായിരുന്നു.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 298.12 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: