ജക്കാര്‍ത്ത: നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ ഇന്ത്യയുടെ സൈന നെഹ്വാള് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജപ്പാന്റെ സയാക തകഹാഷിയെ പരാജയപ്പെടുത്തിയാണ് സൈന ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 39 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ 21-13, 21-19 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം. സ്പാനിഷ് താരം കരോലിന മാരിനാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.
ആദ്യ ഗെയിമില്‍ 6-6ന് ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും തുടര്‍ച്ചയായ ആറ് പോയിന്റുകള്‍ വാരിക്കൂട്ടിയ സൈന 12-6ലേക്ക് കുതിച്ചു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ജാപ്പാനീസ് താരം 13-14ല്‍ എത്തി. എന്നാല്‍ പിന്നീട് ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന സൈന തുടര്‍ച്ചയായ പോയിന്റുകള്‍ നേടി 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ജപ്പാന് താരം 15-12ന് മുന്നിലെത്തിയെങ്കിലും സൈന 18-18ന് ഒപ്പമെത്തി. പിന്നീട് ഒരു പോയിന്റ് മാത്രം വിട്ടുകൊടുത്ത സൈന മത്സരം സ്വന്തമാക്കി.
പുരുഷ വിഭാഗത്തില്‍ ഗുരുസായിദത്തും അജയ് ജയറാമും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നാലാം സീഡ് ഇന്തോനേഷ്യയുടെ സോണി ഡ്യൂ കുന്കൊറോയെ 22-20, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അജയ് ജയറാം ക്വാര്‍ട്ടറില്‍ എത്തിയത്. ജപ്പാന്റെ കസുമാസ സക്കായിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗുരുസായ് ദത്ത് മറികടന്നത്. 59 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 21-12, 9-21, 21-19 എന്ന സ്കോറിനാണ് ഗുരുസായിദത്ത് വിജയം സ്വന്തമാക്കിയത്. അതേസമയം മൂന്നാം സീഡ് ചൈനയുടെ പെന്‍ഗ്യൂ ഡുവിനോട് 21-16, 21-6 എന്ന സ്കോറിന് പരാജയപ്പെട്ട് ഇന്ത്യയുടെ സൗരഭ് വര്‍മ പുറത്തായി.
ഒന്നാം സീഡ് മലേഷ്യയുടെ ചോങ്ങ് വി ലീയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ട് ഇന്ത്യയുടെ സായി പ്രണീതും പുറത്തായി. 37 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 21-18, 21-12 എന്ന സ്കോറിനായിരുന്ന സായി പ്രണീതിന്റെ പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: