കോഴിക്കോട്: ടിപി വധക്കേസുമായി ബന്ധപ്പെട്ട് സാക്ഷിപ്പട്ടികയിലെ ഏഴ് പേരുകള്‍ വിചാരണ കോടതി തള്ളി. പ്രോസിക്യൂഷന് നല്കിയ പുതിയ സാക്ഷിപ്പട്ടികയിലെ ഏഴു പേരുകളാണ് വിചാരണകോടതി തള്ളിയത്.
നേരത്തെ പട്ടികയില്‍ ഇല്ലാതിരുന്ന ഒന്‍പതു പേരെ സാക്ഷികളായി വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടു പേരെ മാത്രം വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി.പി പ്രകാശന്, തലശേരി ജോയിന്റ് ആര്‍ടിഒ എം. രാജന് എന്നിവരെ വിസ്തരിക്കാനാണ് കോടതി സമ്മതം അനുവദിച്ചിരിക്കുന്നത്.
അതിനിടെ കേസിലെ മറ്റൊരു സാക്ഷി കൂടി ഇന്നു കൂറുമാറി. കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ഷിനോജ് താറ്റിയോട്ടാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 52 ആയി.
സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടര്‍ന്നാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരെ പുതുതായി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: