ബര്‍മിംഘാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്റിനെതിരെ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോര്‍.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു.
71 റണ്‍സെടുത്ത വോഗ്സാണ് ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. വോഗ്സിന് പുറമെ ക്യാപ്റ്റന്‍ ബെയ്ലി 55 റണ്‍സും മാക്സ്വെല് പുറത്താകാതെ 29 റണ്‍സും മാത്യു വെയ്ഡ് 29ഉം മിച്ചല്‍ മാര്‍ഷ് 22 റണ്‍സും നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റ് മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെടുത്തിട്ടുണ്ട്.
18 റണ്‍സുമായി കീന്‍ വില്ല്യംസണും 9 റണ്‍സുമായി റോസ് ടെയ്ലറുമാണ് ക്രീസില്‍. 14 റണ്‍സെടുത്ത ലൂക്ക് റോണ്ചിയും 8 റണസെടുത്ത ഗുപ്റ്റിലുമാണ് പുറത്തായത്.
നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം മാത്യു വെയ്ഡാണ് ഷെയ്ന് വാട്സണൊപ്പം ഓപ്പണിങ്ങിനിറങ്ങിയത്.
ബര്മിംഘാമിലെ ഒരു പബ്ബില്‍ മദ്യപിച്ചശേഷം ഇംഗ്ലീഷ് താരമായ ജോ റൂട്ടിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വാര്‍ണറെ ഇന്നലത്തെ നിര്‍ണായക മത്സരത്തില്‍ നിന്നും പുറത്താക്കിയത്.
അച്ചടക്കനടപടിയുടെ പേരിലാണ് വാര്‍ണറെ മത്സരത്തില്‍ നിന്നൊഴിവാക്കയത്. എന്നാല്‍ ടീമിന് മികച്ച തുടക്കം നല്കാന് വാട്സണും മാത്യു വെയ്ഡിനും സാധിച്ചില്ല. സ്കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് റണ്‍സെടുത്ത വാട്സണെ മക്ക്ലെനഗന് റോണ്ചിയുടെ കൈകളിലെത്തിച്ചു.
സ്കോര്‍ 10-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്നു ഹ്യൂഗ്സൂം മടങ്ങി. ഹ്യൂഗ്സിനെ ഗുപ്റ്റില്‍ റണ്ണൊട്ടാക്കുകയായിരുന്നു. പിന്നീട് വെയ്ഡും ബെയ്ലിയും ചേര്‍ന്ന് ഓസീസിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ സ്കോര്‍ 74-ല്‍ എത്തിയപ്പോള്‍ വെയ്ഡും മടങ്ങി.
57 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത വെയ്ഡിനെ നഥാന്‍ മക്കല്ലം വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് ബെയ്ലിക്കൊപ്പം ഒത്തുചേര്‍ന്ന വോഗ്സും ചേര്‍ന്ന് ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
എന്നാല്‍ സ്കോറിംഗിന് വേഗം കൂട്ടാന്‍ കഴിയാഞ്ഞത് അവര്‍ക്ക് തന്നെ തിരിച്ചടിയായി. സ്കോര്‍ 151-ല്‍ എത്തിയപ്പോള്‍ 91 പന്തുകളില്‍ നിന്ന് 55 റണ്‍സെടുത്ത ബെയ്ലിയും 193-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത മാര്‍ഷും 196-ല്‍ എത്തിയപ്പോള്‍ 71 റണ്‍സെടുത്ത വോഗ്സും മടങ്ങിയതോടെ ഓസ്ട്രേലിയ 6ന് 196 എന്ന നിലയിലായി.
പിന്നീട് അവസാന ഓവറുകളില്‍ മികച്ച സ്ട്രോക്കുകളിലൂടെ 29 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാക്സ്വെല്ലാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. ന്യൂസിലാന്റിന് വേണ്ടി മക്ക്ലെനഗന് 10 ഓവറില്‍ 65 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: