ന്യൂദല്‍ഹി: ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത മോക്ക നിയമപ്രകാരമുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ദല്‍ഹി ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ശ്രീശാന്തടക്കമുള്ളവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ദല്‍ഹി പോലീസും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ശ്രീശാന്തിനെതിരെ ദല്‍ഹി പോലീസ് ചുമത്തിയ മോക്ക നിയമം നിലനില്‍ക്കില്ലെന്ന് സാകേത് കോടതി വ്യക്തമാക്കിയിരുന്നു. മോക്ക ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാതെയാണ് പോലീസ് കേസ് എടുത്തതെന്നും പോലീസ് നടപടി നിയമലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മോക്ക ചുമത്തിയാല്‍ ഉടന്‍ ജാമ്യം നല്‍കാനാവില്ലെന്ന പോലീസിന്റെ വാദവും കോടതി തള്ളിക്കളഞ്ഞിരുന്നു.
കോടതിയുടെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയതെന്ന് ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. അതേസമയം ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെയുള്ള തെളിവുകള്‍ പോലും കോടതിയില്‍ ബോധ്യപ്പെടുത്തുന്നതിന് സാകേത് കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ പരാജയപ്പെട്ടുവെന്നാണ് ദല്‍ഹി പോലീസിന്റെ വിലയിരുത്തല്‍.
കേസില്‍ ജയിലില്‍ കഴിയുന്ന അജിത് ചാന്ദില ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: