തിരുവനന്തപുരം: വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.പി.ഐയിലെ പി.തിലോത്തമനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് ബ്രാന്‍ഡഡ് അരിയുടെ വില കുതിച്ചു കയറുകയാണെന്നും തിലോത്തമന് പറഞ്ഞു. വിലക്കയറ്റത്തിന്റെ പേരില്‍ ജനങ്ങളെ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാനത്ത് നിലവിലുണ്ടോയെന്ന് പ്രതിപക്ഷം ചോദിച്ചു. കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ മാത്രമാണ് സര്‍ക്കാരിന് സമയമെന്നും അവര്‍ കുറ്റപ്പെടുത്തി. വിലക്കറ്റം വസ്തുതയാണെന്ന് അംഗീകരിച്ച മുഖ്യമന്ത്രി അതിന്മേല് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ഇക്കാര്യത്തില്‍ പ്രധാനമെന്ന് പറഞ്ഞു.
ബ്രാന്‍ഡഡ് അരിയുടെ വില ചൂണ്ടിക്കാട്ടി വിലക്കയറ്റമാണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിലക്കയറ്റം തടയാന്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. കുടിവെള്ള വിതരണത്തിനായി കമ്പനി രൂപവത്കരിക്കുന്ന വിഷയത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സഭയില്‍ ഇന്ന് വാക്കേറ്റമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: