ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക് 234 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട വിന്‍ഡീസ് 9 വിക്കറ്റിന് 233 റണ്‍സെടുത്തു. ഓപ്പണര്‍ ജോണ്‍സന്‍ ചാള്‍സ് (60), ഡാരന്‍ സമ്മി (35 പന്തില്‍ 56 നോട്ടൗട്ട്) എന്നിവര്‍ കരീബിയന്‍ സംഘത്തിനുവേണ്ടി അര്‍ധശതകങ്ങള്‍ നേടി. 36 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകളുമായി വിന്‍ഡീസ് ബാറ്റിങ് നിരയെ പിച്ചുചീന്തിയ രവീന്ദ്ര ജഡേജ ഇന്ത്യയുടെ പന്തേറുവീരന്‍. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍വീതം വീഴ്‌ത്തി.
വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‌ല് (21) ആളിക്കത്തിഅണയുന്നതു കണ്ടുകൊണ്ടാണ് വിന്‍ഡീസ് കളി തുടങ്ങിയത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അശ്വിന് പിടിനല്‍കി ഗെയ്‌ല് മടങ്ങുമ്പോള്‍ കരീബിയന്‍ ഡ്രസിങ് റൂമിലെ മുഖങ്ങള്‍ മങ്ങി. പക്ഷേ, അവരുടെ മുഖപ്രസാദം അതിവേഗം തിരിച്ചുവന്നു. അതിനു കാരണക്കാരന്‍ ചാള്‍സും. അതിമനോഹരമായ ടൈമിങ്ങിലൂടെ ധോണിയുടെ ഫീല്‍ഡിങ് വിന്യാസങ്ങളെ ചാള്‍സ് ഛിന്നഭിന്നമാക്കി. ഭുവനേശ്വറിന്റെയും ഉമേഷ് യാദവിന്റെയും പന്തുകളെ വഴിതിരിച്ചുവിട്ടും അശ്വിനെയും പാര്‍ടൈം ഭാഗ്യപരീക്ഷണത്തിനെത്തിയ വിരാട് കോഹ്ലിയെയും ലോഫ്റ്റ് ചെയ്തും ചാള്‍സ് വിന്‍ഡിസ് ഇന്നിങ്ങ്സ് മുന്നോട്ടുനയിച്ചു. ഡാരെന്‍ ബ്രാവോയിലൂടെ ചാള്‍സിന് നല്ല കൂട്ടുകാരനെയും കിട്ടി. എന്നാല്‍ ജഡേജ അവരുടെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു. 20-ാംഓവറില്‍ ചാള്‍സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ധോണിയുടെ തുറുപ്പു ചീട്ട് കളിയുടെ ജാതകം മാറ്റി. ഏഴു ബൗണ്ടറികളും രണ്ടു സിക്സറുകളും കുറിച്ച ചാള്‍സ് ബ്രാവോയുമൊത്ത് 78 റണ്‍സ് ചേര്‍ത്തേശേഷമായിരുന്നു കൂടാരം പൂകിയത്. പിന്നാലെ മര്‍ലോണ്‍ സാമുവല്‍സിനെയും (1) ജഡേജ എല്‍ബിഡബ്ല്യൂവാക്കി. സീനിയര്‍ താരം രാംനരേഷ് സര്‍വനും ജഡേജയുടെ കൃത്യതയ്‌ക്കും മിതത്വമുള്ള കുത്തിതിരിവുകള്‍ക്കും മറുപടി നല്‍കാനായില്ല.
ഒരു റണ്‍സ്മാത്രമെടുത്ത സര്‍വന്‍ ധോണിയുടെ ഗ്ലൗസില്‍ ഒതുങ്ങി. ബ്രാവോ സഹോദരന്‍മാര്‍ ചെറു സഖ്യമുണ്ടാക്കിയെങ്കിലും സ്കോര്‍ 140ല്‍ നില്‍ക്കെ ഡാരെനെ (35) അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്തു. ഡെയ്ന്‍ ബ്രാവോയും (25) അനുജനെ പിന്തുടര്‍ന്നു.
കീ്റോണ്‍ പൊള്ളാര്‍ഡ് (22) ഹിറ്റിങ് പവറിനോട് നീതി കാട്ടിയില്ല. ആ നിമിഷം വിന്‍ഡീസ് 200 കടക്കില്ലെന്നു തോന്നി. എന്നാല്‍ 49-ാം ഓവറില്‍ രണ്ടുഫോറുകളും അത്രതന്നെ സിക്സറും ഉള്‍പ്പെടെ ഇഷാന്തിനെ 21 റണ്‍സിന് ശിക്ഷിച്ച സമ്മി ടീമിനെ ആകടമ്പകടത്തി.
അവസാന ഓവറില്‍ ജഡേജയെ ഇരട്ട ബൗണ്ടറിക്കും സിക്സറിനും സമ്മി പായിച്ചപ്പോള്‍ വിന്‍ഡീസ് സ്കോറിന് മാന്യത ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: