കൊല്ലം: സ്വര്‍ണ വായ്പയെന്ന പേരില്‍ പണം കൊള്ളപ്പലിശയ്ക്ക് നല്കുന്ന സ്ഥാപനങ്ങള്‍ കിഴക്കന്‍ മേഖലയില്‍ വ്യാപകമാകുന്നു. കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പത്തോളം സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലേഡ് മാഫിയയുടെ നിയന്ത്രണത്തിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒത്താശയും ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ യാതൊരു ഭീഷണിയുമില്ലാത്ത മട്ടിലാണ് കൊള്ളപ്പലിശ ഈടാക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ വായ്പകള്‍ നല്‍കുമെന്നാണ് ബോര്‍ഡ് വച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ നിന്നും ബ്ലേഡ് പലിശയ്ക്ക് പണം നല്‍കാറുണ്ടെന്നതാണ് യാഥാര്‍ഥ്യം.
പ്രമാണവും മറ്റുരേഖകളും വാങ്ങി വച്ചശേഷമാണ് പണം നല്‍കാറുള്ളത്. പലിശ കൃത്യമായി നല്‍കിയില്ലെങ്കില്‍ വീടുകയറി ഭീഷണിപ്പെടുത്തുകയാണ് പതിവ്. പണം ഈടാക്കാന്‍ വീടുകയറി ആക്രമണവും നടത്തുന്ന സംഘങ്ങളുമുണ്ട്. കിഴക്കന്‍ മേഖലയില്‍ പണം അമിത പലിശക്ക് നല്കുന്ന രണ്ടുപേര്‍ കഴിഞ്ഞ മാസങ്ങളില്‍ പിടിയിലായിട്ടുണ്ട്. ഇതിനെതുടര്‍ന്ന് പോലീസ് കിഴക്കന്‍ മേഖലയില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അമിത പലിശ ഈടാക്കുന്നവരെ പിടികൂടാന്‍ പോലീസിന് കഴിയുന്നില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ബ്ലേഡ് മാഫിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രാദേശികമായ സ്വാധീനം മൂലം മാഫിയകള്‍ രക്ഷപെടുകയാണ്. സ്വകാര്യ വ്യക്തികളും അമിത പലിശ ക്ക് പണം നല്‍കാറുണ്ട്. തമിഴ്നാട് സ്വദേശികളായ ചിലരും ഇത്തരം ബിസിനസുകളുമായി രംഗത്തുണ്ട്. ഇതിനിടെയാണ് സ്വര്‍ണപ്പണയത്തിന്റെ പേരുപറഞ്ഞ് പണം പലിശക്ക് നല്‍കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: