പുത്തൂര്‍: പനിക്ക് ചികിത്സക്കെത്തിയ യുവാവ് അജേന്ദ്രന്‍ മരിക്കാനിടയായ സംഭവം ചികിത്സാപിഴവുമൂലമാണെന്ന് ആരോപിച്ച് പുത്തൂര്‍ എംജിഎം ആശുപത്രിയിലേക്ക് പെരുങ്കുളം നിവാസികള്‍ നടത്തിയ ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം നിന്നാരംഭിച്ച മാര്‍ച്ച് ആശുപത്രിക്ക് സമീപം പോലീസ് തടഞ്ഞു.
തുടര്‍ന്ന് സമരം സമരസമതി നേതാവ് ബി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം മൂന്നിനാണ് പുത്തൂര്‍ എംജിഎം ആശുപത്രിയില്‍ ചെറിയ പനിക്ക് ചികിത്സ തേടിയെത്തിയ പെരുങ്കുളം അജയഭവനില്‍ അജേന്ദ്രന്‍ (19) അന്നേ ദിവസം ആശുപത്രിയില്‍ മരിക്കുന്നത്. മരണത്തില്‍ ?രണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാര്‍ അസ്വഭാവികതയുണ്ടെന്ന് അറിയിച്ചതിനെതുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നു. ഇതിനിടയില്‍ മരിച്ച ശേഷമാണ് അജേന്ദ്രനെ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. കൂടാതെ തലേദിവസം വരെ കല്യാണവീട്ടിലും മറ്റും ഉല്ലാസവാനായി ഓടിനടന്ന യുവാവ് ഒറ്റ ദിവസം കൊണ്ട് പനി ബാധിച്ചു മരിച്ചു എന്നത് നാട്ടുകാര്‍ക്ക് വിശ്വസിക്കാനും കഴിഞ്ഞില്ല.
സംഭവത്തെ കുറിച്ച് തിരക്കാന്‍ ആശുപത്രിയിലെത്തിയ സര്‍വ്വകക്ഷി പ്രതിനിധികളോട് മാനേജ്മെന്റില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റവും ചികിത്സയുടെ വിശദാംശങ്ങള്‍ നല്‍കാത്തതും നാട്ടുകാരില്‍ സംശയമുയര്‍ത്തി. ഇതോടെ അവര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ജനങ്ങളുടെ ജീവന് പന്താടുന്ന ആശുപത്രി അടച്ചുപൂട്ടുക, അജേന്ദ്രന്റെ മരണത്തെ പറ്റി സത്യസന്ധമായ അന്വേഷണം നടത്തുക, തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് പെട്രോള്‍പമ്പിന് സമീപം നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി ആശുപത്രിയിലേക്ക് നീങ്ങിയ പ്രകടനക്കാരെ കൊട്ടാരക്കര സി. ഐ വിജയകുമാര്‍ ,എഴുകോണ്‍ സി. ഐ സദന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിക്കാനൊരുങ്ങിയ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.
ഹിന്ദു ഐക്യവേദി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ. വി. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഡിസിസി അംഗം പെരുങ്കുളം രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. വിവിധ കക്ഷി നേതാക്കളായ സി. രാമകൃഷ്ണപിള്ള, കോട്ടാത്തല സന്തോഷ്, ബൈജു ചെറുപെയ്ക, ദിലീപ് കുമാര്‍ വാര്‍ഡഗം ജി. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആശുപത്രിക്കെതിരെ ആരോഗ്യവകുപ്പും പോലീസും ശക്തമായ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആശുപത്രിയിലേക്കും ഉടമയുടെ വസതിയിലേക്കും വ്യാപിപ്പിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ നല്കി.
സ്ത്രികളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: