ഓയൂര്‍: ആയിരവില്ലിപ്പാറ തകര്‍ക്കാന്‍ വീണ്ടും ആസൂത്രിത നീക്കം. ചെറിയ വെളിനെല്ലൂര്‍ ആയിരവില്ലിക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ശ്രീ ആയിരംവില്ലിപ്പാറക്കാവിന് നേരെയാണ് കഴിഞ്ഞ രാത്രി അതിക്രമം നടന്നത്. ആര്‍ത്തറയും വിഗ്രഹങ്ങളും അക്രമികള്‍ നശിപ്പിച്ചു. നാഗരാജാ വിഗ്രഹങ്ങള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. നാഗത്തറയിലുള്ള പ്രതിഷ്ഠകളും പൂജാവസ്തുക്കളും എടുത്ത് പുറത്തിടുകയും അലങ്കോലപ്പെടുത്തുകയും ചെയ്തു.
ശ്രീ ആയിരവില്ലിപ്പാറയുടെ മേല്‍ ഇത് രണ്ടാം തവണയാണ് അക്രമം നടക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ആയിരവില്ലിപ്പാറക്കാവ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. അതിനെതിരെ ക്ഷേത്രഭരണസമിതിയും ഹിന്ദു സംഘടനകളും ഭക്തജനങ്ങളും പ്രതിഷേധമുയര്‍ത്തിയിരുന്നു. ചടയമംഗലം പോലീസ് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല. ചെറിയ വെളിനെല്ലൂര്‍ മേഖലയില്‍ വ്യാപകമായ പാറഖനനത്തിന്റെ ഇരയാവുകയാണ് ആയിരവില്ലിക്ഷേത്രസങ്കേതമെന്ന സംശയം ബലപ്പെടുകയാണ്. തൊണ്ണൂറ് ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന ആയിരവില്ലിപ്പാറ ഇപ്പോള്‍ 35 ഏക്കറായി ചുരുങ്ങിക്കഴിഞ്ഞു.
ഈ ചരിത്രപ്രസിദ്ധമായ പാറയെ ഇപ്പോള്‍ മാഫിയയില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത് ക്ഷേത്രസങ്കേതമാണ്. അഞ്ചോളം ക്വാറികളാണ് ആയിരവില്ലിപ്പാറക്കാവിന് ചുറ്റുമുള്ളത്. വന്‍കിട മുതലാളിമാരുടെ അധീനതയിലാണ് ഇവിടങ്ങളില്‍ ഖാനനം നടക്കുന്നത്. ആയിരത്തിലധികം അടി ഉയരമുള്ള ആയിവില്ലിപ്പാറ സംരക്ഷിക്കാന്‍ ക്ഷേത്രത്തെ സമിതിയും ഹിന്ദുസംഘടനകളും കൈകോര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങള്‍. സംഭവത്തില്‍ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം ഇന്നലെ വൈകിട്ടോടെ ഹിന്ദുസംഘടനാ നേതാക്കള്‍ ക്ഷേത്രസങ്കേതം സന്ദര്‍ശിച്ചു. ശ്രീ ആയിരവില്ലിപ്പാറക്കാവും ക്ഷേത്രസങ്കേതവും നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ ജനരോക്ഷം ഉണരുമെന്ന് അവര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: