ആലപ്പുഴ: ഏതു പ്രതലത്തിലും ഓടുന്ന വാഹനം സ്വന്തമായി നിര്‍മിച്ച് അതില്‍ ചുറ്റിക്കറങ്ങി ഓട്ടോ മൊബെയില്‍ രംഗത്ത് വിസ്മയമാകുകയാണ് ഐടിഐ വിദ്യാര്‍ഥിയായ ആകാശ്.എസ്.നായര്‍. വീട്ടിലെ കടുത്ത ദാരിദ്ര്യത്തിനിടയിലും സ്വന്തമായി അധ്വാനിച്ച് പണം കണ്ടെത്തിയാണ് 40,000 രൂപയോളം മുടക്കി വാഹനം നിര്‍മിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത. പെട്രോള്‍ പമ്പില്‍ രാത്രികാലങ്ങളില്‍ പണിയെടുത്തും അവധി ദിവസങ്ങളില്‍ കാറ്ററിങ് ജോലിയും ചെയ്താണ് ഈ കൊച്ചുമിടുക്കന് തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള പണം കണ്ടെത്തിയത്.
ഏത് പ്രതലത്തിലും ഓടുന്ന ഓള് ടെറയ്ന്‍ വെഹിക്കിള്‍ (എടിവി) അഥവാ ബഗ്ഗിയാണ് ചെങ്ങന്നൂര്‍ പേരിശേരില്‍ വലിയപങ്ങോട്ട് സന്തോഷ്കുമാര്‍-രാധിക ദമ്പതികളുടെ മൂത്ത മകനായ ആകാശ് നിര്‍മിച്ചത്. പെട്രോള്‍ ഉപയോഗിക്കുന്ന ‘ബഗ്ഗി’ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ പായും. ലിറ്ററിന് 30 കിലോമീറ്ററിലേറെ ലഭിക്കുമെന്നും ആകാശ് പറയുന്നു. ഇന്റര്‍നെറ്റില്‍ എടിവി ബൈക്കിനെ കുറിച്ച് അറിഞ്ഞതോടെയാണ് സ്വന്തമായി ഇത്തരത്തിലൊന്ന് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ബൈക്കുകളുടെയും ഓട്ടോറിക്ഷയുടെയും ഒക്കെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ബഗ്ഗി നിര്‍മിച്ചത്.
പല ഭാഗങ്ങളും സ്വന്തമായി രൂപകല്പന ചെയ്തുണ്ടാക്കിയെടുക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍, സാമൂഹ്യ പ്രവര്ത്തകന്, രമേശ് പേരിശേരി എന്നിവരുടെ സഹായങ്ങളും ലഭിച്ചതായി ആകാശ് പറഞ്ഞു. അനില്‍കുമാറിന്റെ വെല്‍ഡിങ് വര്‍ക്ക് ഷോപ്പിലാണ് ബഗ്ഗിയുടെ ബോഡിഭാഗം പൂര്‍ത്തീകരിച്ചത്. 100 സിസി എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആകാശ് നേരത്തെ ജലത്തിന്റെ മര്‍ദ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജെസിബി നിര്‍മിച്ച് ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ഐടിഐ എക്സിബിഷനില്‍ ഇതിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചെങ്കിലും തെര്‍മോക്കോള്‍ കൊണ്ട് നിര്മിച്ചതിനാല് ദേശീയതലത്തിലുള്ള എക്സിബിഷന് പോകാന്‍ കഴിഞ്ഞില്ല. റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനവും മുന്‍പ് നിര്‍മിച്ചിരുന്നു.
കൂലിപ്പണിക്കാരനായ അച്ഛന് സന്തോഷിന് മകന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് തടസമാകുന്നു. എന്നാല്‍ ഈ തടസങ്ങള്‍ സ്വന്തം പരിശ്രമത്താല്‍ മറികടന്ന് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് ആകാശ്. എസ്എസ്എല്‍സിക്ക് പഠിക്കുന്ന സഹോദരന് അനന്ദു കലാരംഗങ്ങളില്‍ മികവ് കാട്ടിയിട്ടുണ്ട്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: