ന്യൂദല്‍ഹി: ഇന്‍ഡ്യയെ നയിക്കുന്നത് സൗദിയുടെ ഇന്ധനം. ഇറാനുമായുള്ള ഇന്ധന ഇടപാടിലുണ്ടായ തടസമാണ് ഇതിനു കാരണായത്. ഇറാനില്‍നിന്ന് ഇന്‍ഡ്യ വാങ്ങിയിരുന്ന ക്രൂഡ് ഓയില്‍ വിതരണത്തില്‍ തടസമുണ്ടാകാനിടയുള്ളതിനാല് സൗദി അറേബ്യയില്‍ നിന്നു കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങാനുള്ള പദ്ധതി തയ്യാറായി. ആണവ പദ്ധതിയുമായി മുന്നോട്ടു പോകുന്ന ഇറാനെതിരെ അമേരിക്കയുടെ ഉപരോധം ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന പ്രതിസിന്ധി ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ നടപടിയാണിത്.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന്, മാംഗളൂര് റിഫനൈറി, പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് എന്നീ വന്‍കിട കമ്പനികള്‍ ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഏപ്രില്‍ മാസം മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
നിലവില്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍നിന്നു വിവിധ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വലിയ കുറവുണ്ടായി, ഏതാണ്ട് പകുതിയായിട്ടുണ്ട്. ഇത് ഇനിയും കുറയുമെന്നാണ് സൂചനകള്‍. ഇറാനെ വന്‍തോതില്‍ ബാധിക്കാവുന്ന സാമ്പത്തിക ബാധ്യത ക്രൂഡ് ഓയിലിന്റെ ലഭ്യതക്കുറവുമൂലം ഇന്‍ഡ്യക്കു ബാധിക്കാതിരിക്കാനുള്ള കരുതല്‍ നടപടിയാണ് സൗദിയുമായുണ്ടാക്കിയ കരാര്‍.
ഇന്ത്യ ഇറാനില്‍നിന്ന് ഏപ്രില്‍-മെയ് മാസങ്ങളില്‍ പ്രതിദിനം 190,000 ബാരല്‍ ക്രൂഡ് ഓയിലാണ് വാങ്ങിയിരുന്നത്. ഇത് ഇന്ത്യക്കാവശ്യമായതിന്റെ കാല്‍ഭാഗം കുറവാണ്. ഇന്ത്യക്ക് പ്രതിദിനം 250,000 ബാരല്‍ ക്രൂഡ് ഓയില്‍ വേണം.
ജൂലായ് മാസം എച്ച്പിസിഎല്‍ 84,000 ബാരല്‍ ക്രൂഡ് ഓയിലാണ് സൗദി അറേബ്യയില്‍നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. മുമ്പു വാങ്ങിക്കൊണ്ടിരുന്നതിന്റെ ഇരട്ടി. എംആര്‍പിഎല്‍ നേരത്തേ സൗദിയില്‍നിന്നു വാങ്ങിയിരുന്നത് 55,000 ബാരലായിരുന്നത് 86,000 ആക്കി ഉയര്‍ത്തി. അടുത്ത മാസം എച്ച്പിസിഎല്‍ സൗദിയില്‍ നിന്നു ഇനിയും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങും. കഴിഞ്ഞമാസം തീപിടുത്തത്തെ തുടര്‍ന്ന് പൂട്ടിയിരുന്ന അവരുടെ വിശാഖപട്ടണത്തെ പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന മറ്റു സ്ഥാപനങ്ങള്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്പ്പറേഷന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: