ആറന്മുള : ഹൈക്കോടതിയില്‍ നടന്നു വരുന്ന ആറന്മുള മിച്ചഭൂമിക്കേസ് അട്ടിമറിക്കാന്‍ നിഗൂഢവും ആസൂത്രിതവുമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുന്നതില്‍ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് ഉത്കണ്ഠയും അമര്‍ഷവും രേഖപ്പെടുത്തി.
മിച്ചഭൂമി പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ള എബ്രഹാം കലമണ്ണിലിനും കെ ജി എസ് ഗ്രൂപ്പിനും സഹായകരമായ വിധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനാണ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തുടങ്ങിയവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റിയത്.
മിച്ചഭൂമിക്കേസുകളില് ഹൈക്കോടതിയില്‍ സാധാരണ ഹാജരാകാറുള്ള റവന്യൂ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീലാ ഭട്ടിന്റെ പക്കല്‍ നിന്നും ആറന്മുള മിച്ചഭൂമിക്കേസ് ഫയലുകളെല്ലാം അഡ്വക്കേറ്റ് ജനറല്‍ വാങ്ങുകയുണ്ടായി. നെല്ലിയാമ്പതി അടക്കമുള്ള പ്രമുഖ കേസുകളില്‍ റവന്യൂ വകുപ്പിനു വേണ്ടി സുശീലാ ഭട്ടാണ് ഹാജരായിട്ടുള്ളത്. മിച്ചഭൂമിക്കേസില്‍ ഹാജരാകുന്നതില്‍ നിന്നും സുശീലാ ഭട്ടിനെ അഡ്വ. ജനറല്‍ വിലക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രണ്ടു ദിവസം ഹൈക്കോടതിയില്‍ കേസ് വന്നപ്പോഴും റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനു വേണ്ടി അഡ്വക്കേറ്റ് ജനറലാണ് ഹാജരായത്. റവന്യൂ കീഴ്വഴക്കങ്ങള് ലംഘിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ് ജനറലിന്റെ നടപടി ദുരൂഹവും ആശങ്കാജനകവുമാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
കണ്ടെത്തിയ മിച്ചഭൂമി പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും മറ്റ് ദരിദ്ര ഭൂരഹിതര്‍ക്കും വിതരണം ചെയ്യേണ്ട സര്‍ക്കാര്‍ ഏതു വിധേനയും മിച്ചഭൂമി പ്രഖ്യാപനം ദുര്ബലപ്പെടുത്തുവാന് നടത്തുന്ന ശ്രമം അപലപനീയമാണ്. ദരിദ്ര ഭൂരഹിതര്‍ക്ക് മിച്ചഭൂമി ലഭിക്കേണ്ടത് അവരുടെ ഭരണാഘടനാദത്തമായ അവകാശമാണ്. അതു നിഷേധിക്കുന്ന സര്‍ക്കാര്‍ ഭൂപ്രഭുക്കന്മാരുടെ താല്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. ആറന്മുള മിച്ചഭൂമിക്കേസില്‍ ഭൂരഹിതര്‍ക്ക് ലഭിക്കേണ്ട ഭൂമി അട്ടിമറിയിലൂടെ നഷ്ടപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കുമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: