തിരുവനന്തപുരം: തലസ്ഥാനത്തു മാധ്യമപ്രവര്‍ത്തകനു പോലീസിന്റെ ക്രൂരമര്‍ദനം. പോലീസ് മര്‍ദനത്തില്‍ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ കേരള വിഷന്‍ റിപ്പോര്‍ട്ടര്‍ വിനീഷിനെ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കനകക്കുന്ന് കൊട്ടാരത്തിനു സമീപം ബൈക്കിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന മഫ്ടിയിലുള്ള പോലീസുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസ് ജീവനക്കാരനെ പോലീസ് മര്‍ദ്ദിക്കുന്ന സമയത്ത് അതുവഴിവന്ന വിനീഷ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബെയിലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാര്‍ വിനീഷിനെയും മര്‍ദ്ദിക്കുകയായിരുന്നു. മാധ്യമപ്രവര്ത്തകനാണെന്നറിയിച്ചിട്ടും തൊട്ടുത്തുള്ള മ്യൂസിയം സ്റ്റേഷനില്‍ നിന്നും ജീപ്പ്പെത്തിച്ച് വിനിഷിനെ വലിച്ചിഴച്ച് ജീപ്പ്പില്‍ കയറ്റുകയായിരുന്നു. തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന സ്റ്റേഷനിലേക്ക് നേരിട്ടുവരാതെ വിനീഷിനെയും കൊണ്ട് വളഞ്ഞ വഴി ചുറ്റി വളഞ്ഞ് സ്റ്റേഷനിലേക്ക് വരികയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ജീപ്പ്പില്‍ വച്ചും വിനീഷിനെ മര്‍ദ്ദിച്ചതിന് ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. വിവരമറിഞ്ഞ് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി. പോലീസ് ബസ് ജീവനക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൊബെയില്‍ വിനീഷ് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായ മഫ്ടിയിലുണ്ടായിരുന്നു പോലീസുകാര്‍ സ്റ്റേഷന്മുറ്റത്തിട്ട് മറ്റ് മാധ്യമ പ്രവര്‍ത്തകരുടെയും ക്യാമറകളുടെ സാന്നിധ്യത്തില്‍ ബിനീഷിനെ വീണ്ടും ക്രൂരമായി മര്‍ദിച്ചു. ഇതു തടയാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും പോലീസുകാര്‍ കയ്യേറ്റം ചെയ്തു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റു രക്തമൊലിപ്പിച്ചുനിന്ന വിനീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഡിസിപി ശ്രീനിവാസ് സ്ഥലത്തെത്തി. പോലീസുകാര്‍ മദ്യപിച്ചിരുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ പരിശോധിച്ചെങ്കിലും മദ്യപിച്ചതായി കണ്ടെത്താനായില്ല.
ഇതിനിടയില്‍ സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാരെ ധരിച്ചിരുന്ന ഷര്‍ട്ട്മാറ്റി മറ്റൊരു ഷര്‍ട്ട് ധരിപ്പിച്ച് സ്റ്റേഷനില്‍ നിന്നും മാറ്റാന്‍ പൊലീസുകാര്‍ ശ്രമിച്ചു. ഇതിനെത്തുടര്‍ന്നു മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് പുറത്തെ റോഡില്‍ തടിച്ചുകൂടി. പ്രസ്ക്ലബ്ബ് ഭാരവാഹികളും മാധ്യമപ്രവര്‍ത്തക സംഘടനാ പ്രതിനിധികളും ഡിസിപിയുമായി ചര്‍ച്ച നടത്തി. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ നല്കിയ ദൃശ്യങ്ങളില്‍ ബിനീഷിനെ മര്‍ദിക്കുന്നതായി തെളിഞ്ഞ സിവില്‍ പോലീസ് ഓഫിസര്‍മാരായ ആനന്ദക്കുട്ടനെയും ശ്രീകുമാറിനെയും സസ്പെന്റ് ചെയ്തതായി ഡിസിപി അറിയിച്ചു. സംഭവമറിഞ്ഞ് ഐജി മുഹമ്മദ് ദര്‍വ്വേസ് സാഹിബ് സ്ഥലത്തെത്തി സംഭവത്തെപ്പറ്റി ഡിസിപിയോട് അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോടും കളക്ടറോടും കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: