ആറന്മുളയിലെ വിമാനത്താവള പ്രശ്നത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൈക്കൊണ്ട നിലപാടുകള്‍ പലസമയങ്ങളിലും മാറിമറിഞ്ഞത് ദുരൂഹതകള്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ധൃതി പിടിച്ചുള്ള അനുമതിപത്രങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ ‘മരുമകന്‍ ഇഫക്ടാ’ണെന്നത് പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പ്രതിരോധ വകുപ്പില്‍നിന്നുള്‍പ്പെടെയുള്ള അനുമതികള്‍ വേഗത്തിലാക്കിയതും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശിക എതിര്‍പ്പുകള്‍ അവഗണിച്ച് വിമാനത്താവളത്തിനു വേണ്ടി ശക്തമായി വാദിക്കുന്നതിനു പിന്നിലെ അദൃശ്യ ശക്തിയും ഇദ്ദേഹം തന്നെ.
സ്ഥലവില അമിതമായി ഉയര്‍ത്തുന്നതിനുള്ള ഒരു ഉപാധിമാത്രമാണ് ആറന്മുള വിമാനത്താവള പദ്ധതിയെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത് വധേരയുടെ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ആന്റോ ആന്റണി എം. പി., രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി. ജെ. കുര്യന്‍ എന്നിവരാണ് വിമാനത്താവളം വന്നേ മതിയാവൂ എന്ന പിടിവാശിയിലുള്ളവര്‍. കേന്ദ്രത്തില്‍ നിന്നുള്ള അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ദല്‍ഹി കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഇവരാണ്.
ആറന്മുളയിലെ ഇപ്പോഴത്തെ എംഎല്‍എ കെ. ശിവദാസന്‍ നായര്‍ ആദ്യം ഈ പദ്ധതിയെ എതിര്‍ത്തെങ്കിലും ഇപ്പോള്‍ വിമാനത്താവള പദ്ധതി നടപ്പാക്കുന്നതിനായി ശബ്ദഘോഷം മുഴക്കി മുന്നില്‍ നില്‍ക്കുകയാണ്. ഈ മാറ്റത്തിനു പിന്നിലെ കാരണം വിശദീകരിക്കാതെ തന്നെ വ്യക്തമാണ്.
ശിവദാസന്‍ നായര്‍ ആറന്മുള പൈതൃക ഗ്രാമസമിതിയൂടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ പരസ്യമായി തന്നെ പിന്നീട് അധിക്ഷേപിക്കുകയുണ്ടായി. ഇടത് ഭരണകാലത്ത് ആറന്മുള എംഎല്‍എ ആയിരുന്ന കെ.സി. രാജഗോപാലന്‍ കെ.ജി.എസ്. ഗ്രൂപ്പിന് ക്രിയാത്മകമായ സഹായങ്ങള്‍ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ(എം) ന്റെ നേതാക്കള്‍ തുടക്കത്തില്‍ പദ്ധതിയെ അനുകൂലിച്ചെങ്കിലും ജനരോഷം കണ്ടപ്പോള്‍ പ്ലേറ്റ് മറിച്ചു. അവരിപ്പോള്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പമാണ്.
പദ്ധതിക്ക് സഹായകമായ നടപടികള്‍ ആരംഭിച്ചത് ഇടതുപക്ഷ ഭരണകാലത്താണ്. അതുകൊണ്ടു തന്നെ അവര്‍ക്കും ഈ വിഷയത്തില്‍ പണ്യവാളന്മാരായി ചമയാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അന്നത്തെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിന്റെ താല്‍പര്യങ്ങളും ഓരോ നടപടികളിലും വളരെ വ്യക്തമാണ്. എല്‍ഡിഎഫ് മാറി യുഡിഎഫ് വന്നതോടെ കാര്യങ്ങളുടെ നീക്കങ്ങള്‍ക്ക് വേഗതകൂടി എന്നുവേണം അനുമാനിക്കാന്‍.
മറ്റൊന്ന് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ കബളിപ്പിക്കലിന്റെ സ്വഭാവമാണ് നിറഞ്ഞു നില്‍ക്കുന്നത് എന്നതാണ്. 2004-ല്‍ എബ്രഹാം കലമണ്ണില്‍ സിയോണ്‍ ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ പേരില്‍ വാങ്ങിയ പുഞ്ചയുള്‍പ്പെടുന്ന ഭൂമിയില്‍ മത്സ്യം വളര്‍ത്തലാണ് ലക്ഷ്യമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഇതിന് സമീപമുള്ള കുന്നിന്‍ പ്രദേശം വിലയ്‌ക്കു വാങ്ങി കുന്നിടിച്ച് പുഞ്ചനികത്താനുള്ള നീക്കം നടത്തി. ഇതിനെതിരെ ജനങ്ങള്‍ സംഘടിച്ചതോടെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ഹൈക്കോടതിയെ സമീപിച്ച എബ്രഹാം, കോഴഞ്ചേരിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സിയോണ്‍ എഞ്ചിനീയറിംഗ് കോളജിലെ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സിന്റെ ‘എയര്‍ സ്ട്രിപ്പി’നു വേണ്ടിയാണ് നിലം നികത്തുന്നതെന്നും അതിന് പൊലീസ് സംരക്ഷണം വേണമെന്നുമാണ് കോടതിയെ ധരിപ്പിച്ചത്. 2001 ഫെബ്രുവരി അഞ്ചിന് നിലംനികത്തലിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട ജസ്റ്റിസ് ജെ. ബി. കോശിയും ജസ്റ്റിസ് രാംകുമാറും നികത്തിയ നെല്‍പ്പാടത്ത് നിയമാനുസൃതമായ അനുമതി കൂടാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ പാടില്ലെന്നും ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.
ജനങ്ങളെയും കോടതിയെയുംവരെ തെറ്റിദ്ധരിപ്പിച്ച് നിലംനികത്തല്‍ തുടര്‍ന്നപ്പോള്‍ പ്രകൃതിദത്തമായ സംരക്ഷണ സംവിധാനങ്ങളൊന്നാകെ ഇല്ലാതാക്കപ്പെട്ടു. ഇതിനെതിരെ റവന്യൂ, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികളിലേക്ക് തിരിഞ്ഞെങ്കിലും ഇത് എങ്ങുമെത്തിയില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ടു പോവുകയും ചെയ്തു.
എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള മൗണ്ട് സിയോണ്‍ ട്രസ്റ്റും പ്രവാസി കേരളീയരുടെ ചില സംഘടനകളും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം 2008-ല്‍ ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നല്‍കിയതോടെയാണ് ഇതിന് പിന്നിലെ താല്‍പര്യങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് ഈ ഭൂമിയെല്ലാം ചെന്നൈ കേന്ദ്രമാക്കിയുള്ള കെ.ജി.എസ്. ഗ്രൂപ്പിന് കൈമാറ്റം ചെയ്യപ്പെട്ടതോടെ 2009-ല്‍ ഇവര്‍ വിമാനത്താവള നിര്‍മ്മാണത്തിന്റെ മുഖ്യപ്രമോട്ടര്‍മാരായി രംഗത്തെത്തി.
കെ.ഡി. ഹരികുമാര്‍
(നാളെ: മറ്റൊരു സിംഗൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: