ആലപ്പുഴ: ജെഎസ്എസ് സംസ്ഥാന നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി കെ.ആര്.ഗൗരിയമ്മയ്ക്ക് പിടി അയയുന്നതായി സൂചന. യുഡിഎഫ് വിടുന്ന കാര്യത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഗൗരിയമ്മയെ അനുകൂലിക്കുന്ന ഒരുവിഭാഗം യുഡിഎഫ് വിടണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സംസ്ഥാന പ്രസിഡന്റ് രാജന് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. ഈ സാഹചര്യത്തില്‍ ആഗസ്റ്റില്‍ ചേരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം ഭാവി തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ മതിയെന്ന് തീരുമാനമെടുക്കുകയായിരുന്നു.
കടുത്ത തീരുമാനങ്ങളിലേക്ക് തല്ക്കാലം കടക്കേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്നും, അതിനാല്‍ തിടുക്കത്തില്‍ പാര്‍ട്ടി പ്ലീനം വിളിച്ചുചേര്ക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റിലെ പല പ്രമുഖരും സര്‍ക്കാരിന്റെ വിവിധ ബോര്‍ഡ്-കോര്പറേഷന് സ്ഥാനങ്ങള്‍ വഹിക്കുന്ന സാഹചര്യത്തിലാണ് ഗൗരിയമ്മയെ പിന്തുണയ്ക്കുന്നവര്‍ക്ക് യോഗത്തില്‍ ഭൂരിപക്ഷം കിട്ടാതിരുന്നതെന്നതും ശ്രദ്ധേയമാണ്. ഗൗരിയമ്മ പോലുമറിയാതെ പിഎസ്സി അംഗമായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ജെഎസ്എസ് നേതാവിന്റെ നിയമനം അംഗീകരിക്കാനും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത് ഗൗരിയമ്മയ്ക്ക് തിരിച്ചടിയായി.
അഡ്വ.വി.എസ്.ഷൈനാണ് ജെഎസ്എസ് പ്രതിനിധിയായി പിഎസ്സി അംഗമാകുക. ഗൗരിയമ്മയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ക്യാബിനറ്റ് പദവിയുള്ള ചുമതല ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനമായി. കുട്ടനാട് പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതിയുടെ ചെയര്‍പേഴ്സനായി ഗൗരിയമ്മയെ നിയമിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് വിടാനുള്ള ഗൗരിയമ്മയുടെയും അനുകൂലികളുടെയും തീരുമാനം അനന്തമായി നീളാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: