തേവക്കല്‍: ശ്രീപൊന്നക്കുടം ഭഗവതി ദേവസ്വം ട്രസ്റ്റിന്റെയും കേരള വനം വകുപ്പിന്റെയും തപസ്യ കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ പൊന്നക്കുടം ക്ഷേത്രാങ്കണത്തില്‍ വനപര്‍വ്വം 2013 ജൈവ വൈവിധ്യസെമിനാര്‍ നടന്നു. കവിയും ഗാനരചയിതാവും തപസ്യ സംസ്ഥാന അദ്ധ്യക്ഷനുമായ എസ്.രമേശന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ.എം.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.
വികസനത്തിന്റെയും പുരോഗതിയുടെയും പേര് പറഞ്ഞ് പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്ന ആധുനിക മനുഷ്യന്റെ ദുരാഗ്രഹം അവസാനിപ്പിക്കേണ്ടക്കാലം അതിക്രമിച്ചിരിക്കുകയാണെന്ന് രമേശന്‍ നായര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കുടിയേറ്റത്തിന്റെയും കൃഷിയുടെയും മറവില്‍ നടക്കുന്നത് നഗ്നമായ വനം കയ്യേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രകൃതി വനം കാത്തുസൂക്ഷിക്കുന്നതും വിജ്ഞാന ദായകമായ സെമിനാറും സമ്മേളനങ്ങളും നടത്തുന്നതും അഭിനന്ദനാര്‍ഹമാണെന്ന് പ്രൊഫ.പ്രസാദ് അഭിപ്രായപ്പെട്ടു.
മൂവാറ്റുപുഴ നിര്‍മല കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവന്‍ ഡോ.ഷാജു തോമസ്, തിരുവനന്തപുരം കേരള എന്‍വയണ്‍മെന്റ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഡോ.ടി.സാബു, പ്രൊഫ.വി.ഐ.ജോര്‍ജ്ജ്, ഡോ.ടി.ജെ.ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
സെമിനാറിനോടനുബന്ധിച്ച് നൂറുപേര്‍ നൂറ് വൃക്ഷതൈകള്‍ നട്ടു. തെക്കേവാഴക്കുളം കാവ്യകലാകേന്ദ്രത്തിലെ കുട്ടികള്‍ പ്രകൃതിയെ കുറിച്ചുള്ള കവിതകള്‍ ആലപിച്ചു. സമീപത്തെ കലാലയങ്ങളിലെയും സ്കൂളുകളിലെയും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ സെമിനാറില്‍ സംബന്ധിച്ചു. പി.കെ.രാമചന്ദ്രന്‍ സ്വാഗതവും എന്‍.മോഹനന്‍ നായര്‍ കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: