കരുനാഗപ്പള്ളി: മിഥുനം ഒന്ന്, രണ്ട് തീയതികളില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയില്‍ നടക്കുന്ന ഓച്ചിറക്കളിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കളിക്കണ്ടങ്ങള് വൃത്തിയാക്കുന്ന ജോലി അവസാനഘട്ടത്തിലെത്തി. ഓച്ചിറക്കളിക്ക് മുന്നൊരുക്കമായി കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളില്‍പെട്ട ഓണാട്ടുകരയിലെ 52 കരകളിലുള്ള കളരികളില്‍ ആഭ്യാസം നടത്തി.
വ്രതാനുഷ്ഠാനുഷ്ടത്തോടെ മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് കളരിയാശാന്മാര് നേതൃത്വം നല്കുന്നു, കൊച്ചുകുട്ടികള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ പരിശീലനത്തില്‍ പങ്കുചേരുന്നു.
ഇടവം ഒന്നിന് വെളുപ്പിന് തന്നെ കളരി ആശാന്മാരുടെയും പടനായകന്മാരുടെയും നേതൃത്വത്തില്‍ കളരിപൂജയും ആയുധപൂജയും നടത്തി.
ദക്ഷിന സ്വാകരിച്ച ശേഷം ഓച്ചിറകളിയുള്ള പരിശീലനം ആരംഭിച്ചു. വായ്ത്താരിയോടെയുള്ള ചുവടുവയ്പ്പുകളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. വാള്, പരിച, കുറുവടി എന്നിവകൊണ്ടുള്ള പരിശീലനങ്ങളും നടക്കും. ഓച്ചിറ കളിക്ക് പ്രധാനമായും വായ്താരിയോടെയുള്ള ചുവടുകളും അടവുകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഓച്ചിറക്കളിയുടെ തലേദിവസം വൈകിട്ട് കളരികളില്‍ വിശേഷാല്‍ പൂജകളും നൂറുംപാലും നടത്തും. ജൂണ്‍ 15, 26 തീയതികളില്‍ നടക്കുന്ന ഓച്ചിറക്കളിയില്‍ പങ്കെടുക്കാന്‍ പ്രക്യേത വേഷവിധാനങ്ങളോടെ 15ന് രാവിലെ തന്നെ യോദ്ധാക്കളും കളിയാശാന്മാരും ഘോഷയാത്രയായി പടനിലത്തെത്തും. രാവിലെ പടനിലത്ത് ദേവസ്വം പ്രസിഡന്റ് ധ്വജമുയര്ത്തുന്നതോടെ കളിക്ക് തുടക്കമാകും. പടനിലത്തുള്ള ആല്‍ത്തറകളും കാവും ക്ഷേത്രങ്ങളും വലംവച്ച് ഘോഷയാത്ര തിരിച്ചെത്തി കഴിയുമ്പോള്‍ ആകാശത്ത് വട്ടമിട്ടുപറക്കുന്ന ശ്രീകൃഷ്ണപരുന്തിനെസാക്ഷിയാക്കി കര പറഞ്ഞ് കളിക്കണ്ടത്തിലിറങ്ങും.
ഋഷവാഹനനായ പരബ്രഹ്മത്തെ വണങ്ങി തങ്ങളുടെ ആയോധനപാടവം കാഴ്ച വയ്ക്കുന്ന യോദ്ധാക്കള്‍ പിറ്റേദിവസവും പടനിലത്തെത്തി രണ്ടാംദിവസത്തെ കളിയില്‍ പങ്കെടുക്കും.
ഓച്ചിറക്കളിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി 52 കരകളില്‍ നിന്നുള്ള കരനായകന്മാരുടെയും കളിയാശാന്മാരുടെയും ആലോചനായോഗം പരബ്രഹ്മ ആഡിറ്റോറിയത്തില്‍ നടത്തി. ഭരണസമിതി പ്രസിഡന്റ് വി.പി.എന്‍.മേനോന്, സെക്രട്ടറി വി. സദാശിവന്, ട്രഷറര്‍ സുനില്‍, അംഗങ്ങളായ പ്രേംജി, വിശ്വംഭരന്, വി. രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കളിക്കാരുടെ ദക്ഷിണ വര്‍ദ്ധിപ്പിക്കാനും ഭക്തര്‍ക്ക് വേണ്ട സൗകര്യം വിപുലമാക്കാനും ശുചിത്വം ഉറപ്പുവരുത്താനും ഘോഷയാത്രക്ക് മോടി കൂട്ടാനും 52 കരകളിലും ചെന്ന് കളരിസംഘത്തെ കണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: