ഡെങ്കിപ്പനി ഭീഷണിയിലാണ് കേരളം. പനി വന്ന് മരിച്ചുപോകുമോ എന്നാണ് രോഗികളുടെ പേടി. അതേസമയം ഡെങ്കിപ്പനിയെക്കുറിച്ച് ഇത്രയധികം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രോഗിയില്‍ നിന്ന് നേരിട്ട് മറ്റൊരാളിലേക്ക് ഡെങ്കിപ്പനി ഒരിക്കലും പകരില്ല. മഴക്കാലത്ത് അധികമായി കണ്ടുവരുന്ന ഈഡിസ് വിഭാഗത്തില്‍പെടുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പകല്‍ സമയത്താണ് ഈ കൊതുകുകളെ ഏറ്റവുമധികം പേടിക്കേണ്ടത്.
പനിയാണ് മുഖ്യലക്ഷണം. രണ്ടാമത്തെ ഘട്ടത്തില്‍ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയ്ക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. രോഗം സ്ഥിരീകരിക്കാന്‍ വൈകുന്നതും തെറ്റായ ചികിത്സയും ഡെങ്കിയെ മാരകമാക്കും. ഒന്നിലേറെ തവണ രോഗം വരുന്നതും അപകടകരമാണ്. പ്രധാനമായും കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗം ഗുരുതരമാകുന്നത്. ഇതോടെ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ കുറവ് വരും. ഇത് മൂലം മൂക്ക്, മോണ, മലദ്വാരം തുടങ്ങിയവയില്‍ നിന്നും രക്തസ്രാവമുണ്ടാകും. ത്വക്കിനിടയിലും കണ്ണിനുളളിലും രക്തം കിനിഞ്ഞ് കട്ടപിടിക്കുകയും ചെയ്യും. അമിതമായ രക്തസ്രാവം മൂലം രക്തസമ്മര്‍ദ്ദം വളരെയധികം കുറഞ്ഞേക്കും. ഈ രണ്ട് അവസ്ഥകളും മരണത്തിന് വരെ കാരണമാകും.
പെട്ടെന്നുളള കടുത്തപനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിന്റെ പിന്‍ഭാഗത്ത് വേദന, സന്ധികളിലും പേശികളിലും കടുത്ത വേദന, മനം പിരട്ടല്‍, ഛര്‍ദ്ദില്‍, ക്ഷീണം, തൊണ്ടവേദന, ചെറിയചുമ തുടങ്ങി കറുത്ത മലവും ലക്ഷണമാണ്. ആന്തരിക രക്തസ്രാവം രോഗത്തിന്റെ സങ്കീര്‍ണ്ണാവസ്ഥയാണ്.
രക്തപരിശോധനയാണ് രോഗം സ്ഥിരീകരിക്കാനുളള മാര്‍ഗ്ഗം.
പ്രത്യേക ചികിത്സയില്ലാത്ത പനിയാണ് ഡെങ്കി. ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ. വിശ്രമം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഒപ്പം പഴച്ചാറുകളും പഴങ്ങളും കഴിക്കുന്നത് രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കൂട്ടാന്‍ സഹായകമാകും. പ്ലേറ്റ് ലെറ്റുകളുടെ എണ്ണം 20000 ല്‍ താഴെയാവരുത്. രക്തസമ്മര്‍ദ്ദം 120/80 ല്‍ കുറയരുതെന്നും ഡോക്ടര്‍മാര്‍ നിഷ്ക്കര്‍ഷിക്കുന്നു.
രോഗം പെട്ടെന്ന് കുറയുമെന്ന വിശ്വാസത്തില്‍ നാട്ടുചികിത്സയിലേക്ക് കടക്കുന്നത് അപകടകരമാണ്. ഏറെ സങ്കീര്‍ണ്ണതകളുള്ള രോഗമെന്ന നിലയില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകഴിക്കാന്‍ ശ്രദ്ധിക്കണം. സാധാരണ പനിയെന്ന് കരുതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് പനിക്കുള്ള മരുന്നുകള്‍ നേരിട്ട് വാങ്ങിക്കഴിക്കുന്നത് ഒട്ടും ഉചിതമല്ല.
പ്രതിരോധം പ്രതിവിധിയെക്കാള്‍ മെച്ചം എന്ന ആപ്തവാക്യം തന്നെയാണ് ഡെങ്കിപ്പനിയുടെ കാര്യത്തിലും പ്രധാനം. പനി വരാനുള്ള സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുക. ഈഡിസ് കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും നശിപ്പിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഈ കൊതുകുകള്‍ 100 മീറ്ററിലധികം സഞ്ചരിക്കാറില്ല. അത്കൊണ്ട്, വീടിന് സമീപം വെള്ളം കെട്ടിനില്ക്കാന് സാധ്യതയുളള ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടിന്നുകള്‍, തുടങ്ങിയവ നശിപ്പിച്ചാല്‍ ഒരു പരിധി വരെ രോഗത്തെ തടയാം.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.ബി.പദ്മകുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: