ആലുവ: ആലുവയില്‍ ട്രെയിനിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ വീട്ടമ്മ മരിച്ചു. ആലുവ സ്വദേശി തടത്തില്‍ നിയാസിന്റെ ഭാര്യ ബീവിയാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് പത്തു മിനിറ്റു സമയത്തിനു ശേഷം മരണമടഞ്ഞു.
വെള്ളിയാഴ്ച രാവിലെ മംഗലാപുരം നാഗര്‍കോവില്‍ ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. ബീവിയുടെ എല്‍കെജിയില്‍ പഠിക്കുന്ന മകനെ സ്കൂളില്‍ വിടാന്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അല്പം പിറകിലായി നടന്നു വരികയായിരുന്ന കുട്ടിയെ മറ്റൊരു സ്ത്രീ രക്ഷിച്ചു. ബീവിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം പിന്നീടാണ് ഡോക്ടര്‍മാര്‍ മനസിലാക്കിയത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. പത്തു മിനിറ്റിനു ശേഷം കുട്ടി മരിച്ചു. അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കാരോത്തുകുഴി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: