കൊച്ചി/ഇടുക്കി: സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്ക് ഉപാധികളോടെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ജാമ്യവ്യവസ്ഥയില്‍ ഇളവുവരുത്തണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സതീഷ് ചന്ദ്രനാണ് അനുമതി നല്‍കിയത്. അഞ്ചേരി ബേബി കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മണിക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു.
ഈ മാസം 6 മുതല്‍ 11-ാം തീയതി വരെ മണിക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കാം. ഭര്‍ത്താവ് മരിച്ച തന്റെ സഹോദരിയുടെ മകളുടെ വിവാഹം ഈ മാസം 9നാണെന്നും വിവാഹം നടത്തിക്കൊടുക്കാന്‍ അനുവദിക്കണമെന്നും മണി കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനുഷിക ബന്ധം പരിഗണിച്ചാണ് ഹൈക്കോടതി മണിയുടെ ഇടുക്കി ജില്ലാ പ്രവേശനത്തിന് അനുമതി നല്‍കിയത്. എന്നാല്‍ സാക്ഷികളെ കാണുകയോ സ്വാധിനിക്കുകയോ ചെയ്യരുത്, വിവാദ പ്രസ്താവനകള്‍ നടത്തരുത്, തെളിവ് നശിപ്പിക്കരുത് എന്നീ കര്‍ശന ഉപാധികള്‍ പാലിക്കണം. ഈ ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യവ്യവസ്ഥയിലെ ഇളവുകള്‍ റദ്ദാക്കുമെന്നും കോടതി അറിയിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം ജാമ്യവ്യവസ്ഥയില്‍ ഭേദഗതി വരുത്താനുള്ള മണിയുടെ ഹര്‍ജി വിശദമായ വാദത്തിനായി ഹൈക്കോടതി പരിഗണിക്കും.
വിവാദമായ മണക്കാട് പ്രസംഗത്തിന്റെ പേരില്‍ ഇടുക്കിജില്ലയില്‍ നിന്നും മാറ്റി നിര്‍ത്തിയ എം.എം.മണി വീണ്ടും ജില്ലയിലേക്കു വരുന്നു. ഇന്നുമുതല്‍ 11 വരെ ജില്ലയില്‍ തങ്ങുന്നതിനു ഹൈക്കോടതി അനുവാദം നല്‍കിക്കഴിഞ്ഞു. ജനുവരി നാലു മുതല്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനു ഹൈക്കോടതി തടഞ്ഞിരുന്ന മണിക്കു ഉപാധികളോടെയാണു പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. സഹോദരിയുടെ മകളുടെ വിവാഹത്തിനുപങ്കെടുക്കാനാണ് മണി വീട്ടിലേക്കു വരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 25നു മണക്കാട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ കേസുകളും കോടതി നടപടികളും നേരിടുന്ന എം.എം.മണി കോട്ടയം ജില്ലയില്‍ കിടങ്ങൂരിലെ ബന്ധുവീട്ടിലായിരുന്നു താമസം. ജില്ലയ്ക്കു പുറത്തു താമസിച്ചു കൊണ്ടു ഇടുക്കി ജില്ലയൊഴികെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ രാഷ്ട്രീയവിശദീകരണയോഗങ്ങളില് പങ്കെടുത്തു പ്രസംഗിക്കാനുള്ള അവസരം പാര്‍ട്ടി ഒരുക്കി നല്കി. ഇതിലൂടെ ഒരു സംസ്ഥാന നേതാവായി മണി മാറുകയായിരുന്നു. കേസില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്രാവശ്യം കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. ഇപ്പോഴും കേസുകള്‍ തുടരുകയാണ്.
രാഷ്ട്രീയ പ്രതിയോഗികളെ പാര്‍ട്ടി പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു മണിയുടെ വിവാദ പ്രസംഗം. മണി നടത്തിയ വണ്‍, ടു, ത്രീ പ്രയോഗം പ്രസിദ്ധമാകുകയും ചെയ്തു. ഇതോടെ ഇടുക്കി ജില്ലയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ മണിക്കുനേരെ കേസുകളായി തിരിഞ്ഞു. 1980-82 കാലഘട്ടങ്ങളില്‍ നടന്ന അഞ്ചേരിബേബി വധം, മുള്ളന്ച്ചിറ മത്തായി വധക്കേസ്, മുട്ടുകാട് നാണപ്പന് കേസ്, ബാലുവധക്കേസ് തുടങ്ങിയ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രംഗത്തിറങ്ങി. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘത്തിനെതിരെ സിപിഎം പ്രതിഷേധം ഉയര്‍ത്തിയെങ്കിലും സുപ്രീംകോടതി വരെ പോയിട്ടും കേസില്‍ നിന്നും രക്ഷപ്പെടാന്‍ മണിക്കു സാധിച്ചിട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചുമായി രംഗത്തിറങ്ങിയെങ്കിലും വിജയം കണ്ടില്ല. സിപിഎം ജില്ല സെക്രട്ടറി സ്ഥാനത്തു നിന്നും മണി തെറിച്ചു. 1982 കാലഘട്ടങ്ങളില്‍ സംഭവിച്ച കേസായതു മൂലം യഥാര്‍ഥപ്രതികളെ കണ്ടെത്താനോ, ശക്തമായ സാക്ഷികളെ തേടിപ്പിടിക്കാനോ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ലെങ്കിലും മണിയെ ജില്ലയില്‍ നിന്നു മാറ്റിനിര്‍ത്താന്‍ വരെ കേസിനു സാധിച്ചു.
അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായിരുന്ന സിപിഎം പ്രവര്ത്തകന് പി.എന്‍.മോഹന്‍ദാസിന്റെ മൊഴിയാണു സിപിഎമ്മിനും മണിയേയും വെട്ടിലാക്കിയത്. ക്രിമിനല്‍ നിയമനടപടി 164 പ്രകാരം മോഹന്‍ദാസ് മജിസ്ട്രേറ്റിന്റെ മുന്നില്‍ മൊഴിയും കൊടുത്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചു അന്വേഷണസംഘം നടത്തിയ അന്വേഷണത്തില്‍ യഥാര്ഥപ്രതിയായിരുന്നു സംശയിക്കുന്ന കുട്ടന് എന്ന ആളെ പ്രതിചേര്‍ക്കാനും സാധിച്ചു.
ഇതിനിടയില്‍ അടുത്ത കാലത്തു മണക്കാട് പ്രസംഗത്തിന്റെ പേരില്‍ പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുകയാണ്. താത്കാലികമായിട്ടാണെങ്കിലും മണിയുടെ തിരിച്ചുവരവ് സിപിഎമ്മിന് ആഹ്ലാദവും പോലീസിന് തലവേദനയുമാണ് സൃഷ്ടിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: