കൊച്ചി: പരിസ്ഥിതിയും മഹത്തായ പൈതൃകവും നശിപ്പിച്ചുകൊണ്ട് ആറന്മുളയില് നടപ്പാക്കുന്ന വിമാനത്താവള പദ്ധതിക്കെതിരെ ഹിന്ദു ഐക്യവേദിയും പരിസ്ഥിതി സംരക്ഷണസമിതിയും ചേര്‍ന്ന് നടത്തുന്ന ആറന്മുള വിമാനത്താവള വിരുദ്ധ കണ്വെന്ഷന് 9 ന് രാവിലെ 10.30-ന് മുന്‍മന്ത്രി കെ.ആര്. ഗൗരിയമ്മ ഉദ്ഘാടനം ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു അറിയിച്ചു.
ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, എസ്. രമേശന് നായര്‍, എം.ടി. രമേശ്, പ്രൊഫ. സീതാരാമന്, ഡോ. സി.എം. ജോയ്, വിളയോടി വേണുഗോപാല്‍, വര്‍ഗീസ് തൊടുപറമ്പില്‍, അഡ്വ. കെ. ഹരിദാസ് തുടങ്ങിയ പ്രമുഖ സാംസ്കാരിക – സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. എറണാകുളം കച്ചേരിപ്പടിയിലെ ബി.എം.എസ് തൊഴിലാളി പഠനകേന്ദ്രത്തിലാണ് കണ്വെന്ഷന് സംഘടിപ്പിച്ചിരിക്കുന്നത്.
ആറന്മുള വിമാനത്താവളത്തിനെതിരായ സമരം സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനിച്ചതായി ആര്.വി. ബാബു പറഞ്ഞു. അതിന്റെ മുന്നോടിയായി ‘ആറന്മുളയെ രക്ഷിക്കൂ – കേരളത്തെ സംരക്ഷിക്കൂ’ എന്ന സന്ദേശവുമായി ജില്ലാതലങ്ങളില്‍ പരിസ്ഥിതി സംരക്ഷണ യാത്രകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.
ജനഹിതം മാനിക്കാതെ നടപ്പാക്കുന്ന വിമാനത്താവള പദ്ധതിക്കെതിരായുള്ള സമരപരിപാടികള്‍ക്ക് കണ്വെന്ഷന് അന്തിമരൂപം നല്‍കും. സംസ്ഥാനത്ത് ഗുരുതരമായ പരിസ്ഥിതി നാശമുണ്ടാക്കുന്ന സംരംഭങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സമരരംഗത്തിറങ്ങും. പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ സംസ്ഥാനതലത്തില്‍ ഏകോപിപ്പിച്ച് പരിസ്ഥിതി സംരക്ഷണ സമിതി എന്ന പ്രസ്ഥാനം ശക്തിപ്പെടുത്തും. കേരളത്തെ മാത്രമല്ല ദക്ഷിണേന്ത്യയെ മുഴുവന്‍ ബാധിക്കുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അട്ടിമറിക്കാന്‍ സംഘടിത മതവിഭാഗങ്ങളും രാഷ്ട്രീയക്കാരും നടത്തുന്ന നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. പത്രസമ്മേളനത്തില്‍ എറണാകുളം ജില്ലാ സംഘടനാ സെക്രട്ടറി എ.ബി. ബിജു, വേണു കെ.ജി. പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: