കാസര്‍കോട്: ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശം നിഷേധിച്ച് പിഎസ്സി പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം പരീക്ഷകള്‍ തടയാന്‍ ബിജെപി നിര്‍ബന്ധിതരായി തീരുമെന്നും പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടിയും ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് ഭാഷാന്യൂനപക്ഷങ്ങളെ വഞ്ചിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്. കന്നഡ വിഭാഗങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും തുടച്ചുനീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജോലി നേടി പത്ത് വര്‍ഷത്തിനുള്ളില്‍ മലയാള പരിജ്ഞാനം നേടിയാല്‍ മതിയെന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം അട്ടിമറിച്ചുകൊണ്ടാണ് എട്ടാം തീയതി പിഎസ്സി പരീക്ഷകള്‍ നടക്കാന്‍ പോകുന്നത്. മലയാള പരിജ്ഞാനം പരീക്ഷയ്ക്ക് തന്നെ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മലയാള വ്യാകരണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 10 മാര്‍ക്കാണ് നല്‍കുന്നത്. സര്‍ക്കാര്‍ നേരത്തെ നല്കിയ ഉറപ്പിന് വിരുദ്ധമാണിത്. ഇത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എട്ടിന് നടക്കുന്ന പിഎസ്സി പരീക്ഷകള്‍ എന്തുവിലകൊടുത്തും തടയുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങള്‍ക്ക് ഭരണകൂടമായിരിക്കും പൂര്‍ണ ഉത്തരവാദി.
മലയാളം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിന് ബിജെപി എതിരല്ലെന്നും എന്നാല്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ചവിട്ടിമെതിച്ച് ഉത്തരവ് നടപ്പിലാക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇളവനുവദിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ജില്ലയിലെ ഭരണപക്ഷ എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. ഇടതുമുന്നണിയും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഭാഷാ ന്യൂനപക്ഷങ്ങളെ അവഹേളിക്കുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: