കൊച്ചി: കളമശേരിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിന് എച്ച്എംടി നല്കിയ എഴുപത് ഏക്കര്‍ ഭൂമി മറിച്ചുവില്‍ക്കുന്നു. വ്യവസായ ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് നല്കാന് പാടില്ലെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് എച്ച്.ഐ.ഡി.എല്‍ ഈ നീക്കം നടത്തുന്നത്.
2002ല്‍ എളമരം കരിം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് എച്ച്എംടി ഭൂമി സൈബര്‍ സിറ്റി നിര്‍മാണത്തിനായി എച്ച്ഡിഐഎല്ലിന് കൈമാറിയത്. അക്കാലത്തു തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. എച്ച്ഡിഐഎല്ലിന് റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളുണ്ടെന്നാണ് അന്ന് പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.
മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനും ഭൂമി കൈമാറ്റത്തിന് എതിരായിരുന്നു. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനത്തിന് വി എസ് പങ്കെടുത്തതുമില്ല. എന്നാല്‍ എളമരം കരിമിന്റെ വ്യവസായ വകുപ്പ് ഭൂമി കൈമാറ്റത്തില്‍ നിന്നും പിന്മാറിയില്ല. അന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോള്‍ തെങ്ങിന്റെ മണ്ടയില്‍ വികസനമുണ്ടാകുമോ എന്നായിരുന്നു ക്ഷുഭിതനായി എളമരം കരിം പ്രതികരിച്ചത്.
ബ്ലൂ സ്റ്റാര്‍ ഡെവലപ്പേഴ്സാണ് സൈബര്‍ സിറ്റി പദ്ധതിയുടെ നടത്തിപ്പുകാര്‍. മൂന്നു മാസം കൊണ്ട് പദ്ധതി തീര്‍ക്കുമെന്നായിരുന്നു പ്രഖ്യാപനം. 70,000 പേര്‍ക്ക് ജോലി നല്‍കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ ഒരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനവും നടന്നില്ല. 2002ല്‍ സെന്റിന് 1,34,000 രൂപയ്ക്കാണ് എച്ച്.ഡി.ഐ.എല്‍ ഭൂമി വാങ്ങിയത്. ഇന്നിപ്പോള്‍ സെന്റിന് എട്ടു ലക്ഷം രൂപയ്ക്കാണ് വില്ക്കാന് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: