തിരുവനന്തപുരം: എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം ദൃഢമായി തുടരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വിമര്‍ശിച്ച് ചന്ദ്രിക ദിനപത്രം ലേഖനം എഴുതിയത് ശരിയായില്ല. ചന്ദ്രിക മാപ്പു പറഞ്ഞത് നന്നായി. എന്നാല്‍ ലേഖനം ഉണ്ടാക്കിയ വ്രണം പെട്ടെന്ന് ഉണങ്ങില്ല. എഴുതിയ ശേഷം പിന്നീട് ഖേദം പ്രകടിപ്പിക്കുന്നത് അടിച്ചതിന് ശേഷം എണ്ണ ഇടുന്നതു പോലൊയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എല്‍.ഡി.എഫിന്റെ നിലപാട് കാരണമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന വകുപ്പ് കിട്ടിയാലേ മന്ത്രിസഭയില്‍ അംഗമാകൂ എന്ന പിടിവാശി രാഷ്ട്രീയ പക്വത ഇല്ലാത്തതാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരാരും ആഭ്യന്തര വകുപ്പ് ലഭിക്കണമെന്ന് വാശിപിടിക്കില്ല. കുറേ പോലീസുകാരെ നിരത്തി ഷോ കാണിക്കാമെന്നേയുള്ളൂ.
ഏത് വകുപ്പ് കിട്ടിയാലും അത് കൈകാര്യം ചെയ്യുന്നവരുടെ കഴിവ് പോലെയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: