ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജ്സ്ഥാന്‍ റോയല്‍സ് ടീം ഉടമകളിലൊരാളായ രാജ് കുന്ദ്രയെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയായിരുന്നു ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലില്‍ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.
ഇതാദ്യമായാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഒരു ഐപിഎല്‍ ടീമിന്റെ ഉടമയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു. രാജസ്ഥാന് റോയല്‍സില്‍ നിന്നുള്ള താരങ്ങളായ എസ് ശ്രീശാന്ത്, അജിത്ത് ചാന്ദില, അങ്കിത് ചവാന് എന്നിവര്‍ ഐപിഎല്‍ ഒത്തുകളിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാജസ്ഥാന് റോയല്‍സിന്റെ ഉടമയായ രാജ് കുന്ദ്രയെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തത്.
താരങ്ങള്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും ഇതു സംബന്ധിച്ച് എന്തെങ്കിലും സൂചന ഇവര്‍ നല്‍കിയിരുന്നോയെന്നും കുന്ദ്രയോട് പോലീസ് ചോദിച്ചതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിമും ചോട്ടാ ഷക്കീലുമാണ് വാതുവയ്പ് ആസൂത്രണം ചെയ്തതെന്ന് ചൊവ്വാഴ്ച്ച ദല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു.
കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ മക്കോക്ക നിയമമനുസരിച്ച് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജസ്ഥാന് റോയല്‍സ് ടീമും ചെന്നൈ സൂപ്പര്‍ കിംഗ്സും പോലീസിന്റെ അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: