തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഹരിത എം എല്‍എമാരുടെ വിപ്ലവം ഒടുവില്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാകുന്നു. പത്തുമാസം മുന്‍പാണ് പച്ചച്ചിന്തകളുമായി യുഡിഎഫ് എംഎല്‍എമാര്‍ ബ്ലോഗ് തുറന്നത്. ഹരിത എംഎല്‍എമാര്‍ എന്നു പേരുവീണ വി. ഡി. സതീശന്, ടി.എന്‍. പ്രതാപന്, വി.ടി. ബല്‍റാം, എം.വി. ശ്രേയാംസ്കുമാര്‍, കെ.എം. ഷാജി, ഹൈബി ഈഡന് എന്നിവരുടെ ബ്ലോഗിനു പേരിട്ടത് ഗ്രീന്‍ തോട്സ് കേരള എന്നും. നെല്ലിയാമ്പതി വിഷയത്തില്‍ പരിസ്ഥിതിപ്രേമം കാട്ടി യുഡിഎഫിന് തലവേദന സൃഷ്ടിച്ചതിന് പിന്നാലെ അതേ എംഎല്‍എ മാര്‍ ബ്ലോഗുമായി രംഗത്തെത്തിപ്പോള്‍ പരിസ്ഥിതിവാദികള്‍ തുള്ളിച്ചാടി. കേരളത്തില്‍ മിച്ചമുള്ള കാടും മേടും നദിയും മരവും രക്ഷപ്പെടുമെന്നു പ്രതീക്ഷിച്ചു.
എമര്‍ജിംഗ് കേരളയുടെ പേരില്‍ വനഭൂമിയോ, റവന്യൂ ഭൂമിയോ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറരുതെന്ന താക്കീത്. സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളുള്ള സമഗ്ര നദീതട അതോറിറ്റി നിയമത്തിനുവേണ്ടി പ്രചാരണം. നെയ്യാറില്‍ നിന്ന് ചന്ദ്രഗിരി വരെ എന്നപേരില്‍ ജലാശയങ്ങള്‍ തോറുമുള്ള യാത്ര. പശ്ചിമഘട്ടമലനിരകളുടെ പരിസ്ഥിതി സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളരുതെന്ന നിര്‍ദ്ദേശം. നെല്ലിയാമ്പതി മലകയറ്റത്തിനു പിന്നാലെ ഹരിത എംഎല്‍എ മാര്‍ നടത്തിയ ഓരോചുവടും വാര്‍ത്തയായി. ഗ്രീന്‍ തോട്ട്സ് കേരള ബ്ലോഗിനു പിന്തുടര്ച്ചക്കാര് ഏറി.
കേരളം കടന്നു പോകുന്ന അസാധാരണമായ കാലാവസ്ഥാ മാറ്റത്തെ മുന്‍നിര്‍ത്തിയാണ് സമഗ്ര നദീതട അതോറിറ്റി നിയമത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതെന്നായിരുന്നു എംഎല്‍എ മാര്‍ ബ്ലോഗിലുടെ പറഞ്ഞത്.
എന്നാല്‍ ബ്ലോഗെഴുത്തിനും നദീതട യാത്രകള്‍ക്കും പത്രസമ്മളനങ്ങള്ക്കും ഉപരി ഇക്കാര്യത്തില്‍ കാര്യമായൊന്നും നടന്നില്ല. എമര്‍ജിങ് കേരളയുടെ കാര്യത്തിലും പറഞ്ഞതൊക്കെ ഹരിത എംഎല്‍എ മാര്‍ക്ക് വിഴുങ്ങേണ്ടിവന്നു. എമര്‍ജിങ് കേരള സ്വയം ചീറ്റിപ്പോയി എന്നത് വേറെകാര്യം.
പരിസ്ഥിതി സൗഹൃദപരമായതും നിലനില്ക്കുന്നതുമായ ഒരു പുതിയ വികസനസങ്കല്‍പ്പത്തെക്കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്കും അതിന്റെയടിസ്ഥാനത്തിലുള്ള നയരൂപീകരണങ്ങള്‍ക്കും കിട്ടുന്ന ഏറ്റവും വലിയ അവസരമാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നായിരുന്നു ബ്ലോഗിലെ കുറിപ്പ്. നെല്‍ വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും കുന്നുകളുടേയും സംരക്ഷണവും അതുവഴി പുഴകളിലെ നീരൊഴുക്കും ഉറപ്പുവരുത്തുന്ന ഒരു വികസനപരിപ്രേക്ഷ്യം രൂപപ്പെടുത്തേണ്ടതുണ്ട്. എന്നൊക്കെ എഴുതി പിടിപ്പിച്ചു. പക്ഷേ മലയോര കുടിയേറ്റ കയ്യേറ്റ മത മാഫിയയക്കു കീഴടങ്ങി സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജിലാക്കിയപ്പോള് ഗ്രീന്‍ തോട്സ് കേരള ബ്ലോഗ് നിശബ്ദമായിരുന്നു.
ആറന്മുള വിമാനത്താവള വിഷയത്തിലാണ് പച്ച ചിന്തകരുടെ തനിനിറം വ്യക്തമായത്. നിയമസഭാ പരിസ്ഥിതി കമ്മിറ്റിവരെ പഠനം നടത്തി വിമാനത്താവളപദ്ധതിക്കെതിരേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതൊന്നും ഹരിതന്മാര് കണ്ടില്ല. പൈതൃക ഗ്രാമമായ ആറന്മുളയുടെ തനിമ നെല്‍വയല്‍ നികത്തുന്നതോടെ നഷ്ടമാകുമെന്നതു മാത്രമല്ല അതിന്റെ പേരില്‍ ഉണ്ടാകുന്ന വന്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഹരിത രാഷ്ട്രീയത്തിലെ ഇത്തരം അടിസ്ഥാനപ്രശ്നങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി രാഷ്ട്രീയ ചേരിതിരിവിന്റെ പേരില്‍ ഹരിത എംഎല്‍എമാര്‍ പ്രശ്നത്തില്‍ ഇടപെടാതെ നിസ്സംഗരായി. ഗ്രീന്‍ തോട്സ് കേരള ബ്ലോഗില്‍ ആറന്മുള വിഷയമേ ആയില്ല.
ഹരിത എംഎല്‍എ മാരുടെ വിശ്വാസ്യത പോലെ ഗീന് തോട്സ് കേരള ബ്ലോഗിന്റെ പ്രാധാന്യവും ഇടിഞ്ഞു. ആഗസ്സില് ആരംഭിച്ച ബ്ലോഗില്‍ ആദ്യത്തെ അഞ്ച് മാസം 13 ഇനങ്ങള്‍ പോസ്റ്റു ചെയ്യുകയും പതിനായിരങ്ങള്‍ വായിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ആകെയുണ്ടായത് അഞ്ച് പോസ്റ്റുകള്‍ മാത്രം. ഫോളേവേഴ്സാകട്ടെ ആയിരത്തില്‍ താഴെയും. പരിസ്ഥിതി പ്രേമികള്‍ക്ക് പ്രതീക്ഷ നല്കിയ എം എല്‍ എ മാരുടേയും അവരുടെ ബ്ലോഗിന്റേയും പച്ചപ്പ് ഇല്ലാതായി എന്നതിന് തെളിവാണിത്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: