ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാജസ്ഥാന് റോയല്‍സിന്റെ പേസര്‍ മലയാളി താരം ശ്രീശാന്തിന് ജാമ്യമില്ല. ഈ മാസം 18 വരെ ശ്രീശാന്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ശ്രീശാന്തിനും കേസിലെ മറ്റ് 22 പേര്‍ക്കുമെതിരെ ‘മോക്ക’ (മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) കേസ് ചുമത്തിയകാര്യം ദല്‍ഹി പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.
വാതുവയ്പ്പ് കേസില്‍ അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിനും സഹായി ഛോട്ടാ ഷക്കീലിനും ബന്ധമുള്ള സാഹചര്യത്തിലാണ് മോക്ക പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് കോടതിയെ അറിയിച്ചു. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ദല്‍ഹി പോലീസ് മോക്ക ചുമത്തിയകാര്യം കോടതിയെ അറിയിച്ചത്. മോക്ക പ്രകാരമുള്ള കേസായതിനാല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് ജെയ്ന്‍ മുന്നിലാണ് ശ്രീശാന്തിന്റെ പുതിയ ജാമ്യാപേക്ഷ പരിഗണിക്കപ്പെടുന്നത്. 1999ലാണ് മഹരാഷട്ര സര്‍ക്കാര്‍ മോക്ക നിയമം പ്രാബല്യത്തിലാക്കിയത്. സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെയും സഹായി ഛോട്ടാ ഷക്കീലിനെയും ദല്‍ഹി പോലീസ് കേസില്‍ പ്രതികളാക്കി. മോക്ക പ്രകാരമാണ് ഇവര്‍ക്കെതിരെയും കേസ്. ദാവൂദ് ഇബ്രാഹിമിന്റ സംഘമാണ് രാജ്യത്ത് ഒത്തുകളിയും വാതുവെയ്പും നിയന്ത്രിക്കുന്നതെന്ന് പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഒത്തുകളി നടന്നതെന്നും പോലീസ് വാദിച്ചു. ഡി കമ്പനിയുമായി ശ്രീ ശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാനുതകുന്ന ടെലഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ടെന്നും ദല്‍ഹി പോലീസ് അവകാശപ്പെടുന്നു.
വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26 പേരില്‍ രാജസ്ഥാന് റോയല്‍സിന്റെ അങ്കിത് ചവാനും ശ്രീശാന്തിന്റെ സുഹൃത്ത് അഭിഷേക് ശുക്ലക്കും മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. കൂട്ടുപ്രതിയായ അശ്വിനി അഗര്‍വാളിനെ മുംബൈ കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് അവിടേക്ക് അയക്കുകയായിരുന്നു.
അതേസമയം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മോക്ക ചുമത്തിയതില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. പോലീസിന് ഇതിന് അനുവാദമില്ലെന്ന് പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ശ്രീശാന്തിന് ഒരു കാരണവശാലും ജാമ്യം ലഭിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ആക്ഷേപമുയരുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതികള്‍ക്ക് മുംബൈയില്‍ ജാമ്യംനല്‍കുകയും ദല്‍ഹിയില്‍ മോക്ക ചുമത്തുകയും ചെയ്യുന്നതിനെ അറസ്റ്റിലായ ചന്ദേഷ് പട്ടേലിന്റെ അഭിഭാഷകന് ഡി.പി. സിംഗ് നിശിതമായി വിമര്‍ശിച്ചു. സംഘടിതമായി നടന്നെന്ന് ആരോപിക്കുന്ന കേസില്‍ കളിക്കാര്‍ മാത്രം എങ്ങനെ കുറ്റക്കാരാകുമെന്നും അദ്ദേഹം ചോദിച്ചു. ശ്രീശാന്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക റബേക്ക ജോണും ചൂണ്ടിക്കാട്ടി.
ശ്രീശാന്തിനും സഹതാരങ്ങളായ അജിത് ചാന്ദില, അങ്കീത് ചവാന് എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം വഞ്ചന പോലുള്ള കുറ്റങ്ങളാണ് നേരത്തെ ചുമത്തിയിരുന്നത്. ഇതുപ്രകാരം വലിയ ശിക്ഷയൊന്നും കിട്ടില്ല. ഇതിനു പകരമാണ് കര്‍ശന വ്യവവസ്ഥകളുള്ള നിയമം കളിക്കാര്‍ക്കെതിരെ ചുമത്തുന്നത്.
ശ്രീശാന്ത് അടക്കമുള്ള താരങ്ങങ്ങള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ സര്വപണിയും നോക്കുന്ന പോലീസ് വന്‍തോക്കുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതില്‍ ദുരുഹതയുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഇ.ഒ ഗുരുനാഥ മെയ്യപ്പനും ബോളിവുഡ് നടന് വിന്ദു ധാരാ സിംഗിനും എന്നിവര്‍ക്ക് ജാമ്യം ലഭിത്തത് ഇതാമ് സൂചിപ്പിക്കുന്നത് .മുംബൈയിലെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്നും ്രെകെംബ്രാഞ്ച് ഓഫീസില്‍ ആഴ്ചയില്‍ രണ്ട് തവണ ഹാജരാകണമെന്നുമാണ് ജാമ്യ വ്യവസ്ഥകള്‍. ഒരേ കേസില്‍പ്പെട്ട ചിലര്‍ക്ക് ജാമ്യം ചിലര്‍ക്കില്ല എന്നതാണ് ചോദ്യചിഹ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: