അഞ്ചല്‍: അന്തിയുങ്ങാനും കൃഷി ചെയ്യാനും മണ്ണിന്റെ മക്കള്‍ അരിപ്പയില്‍ നടത്തുന്ന ഭൂസമരം അഞ്ച് മാസം പിന്നിടുന്നു. ആയിരത്തി ഇരുന്നൂറോളം പട്ടിണിപ്പാവങ്ങള്ക്കിത് ദുരതങ്ങളുടെ പെരുമഴക്കാലം.
മൂന്ന് സെന്റ് കോളനികളിലും ലക്ഷം വീടുകളിലും തളയ്ക്കപ്പെട്ട ഹിന്ദു-ആദിവാസി-പട്ടികജാതി വിഭാഗം തലചായ്ക്കാനും കൃഷി ചെയ്യാനും ഇടമില്ലാതെ അവകാശം കിട്ടിയ അനാഥത്വവും പേറിയാണ് അരിപ്പ മിച്ചഭൂമിയില്‍ കുടില്‍ കെട്ടിയത്.
ഹിന്ദുവിഭാഗം ആയതും സംഘടിത വോട്ടില്ലാത്തതും ഭരണ-പ്രതിപക്ഷ അവഗണനയ്ക്ക് ഇരയായി സമരക്കാര്‍ മാറി. കൂടാതെ സമീപവാസികളായ അക്രമികളെ കൂട്ട് പിടിച്ച് ചില പ്രാദേശിക രാഷ്ട്രീയ നേതൃത്വം സമരഭൂമിയിലെ പാവങ്ങലെ അക്രമിക്കാനും ഊര് വിലക്കാനും കൂടി ശ്രമിച്ചതാണ് അരിപ്പ ഭൂസമരം ജനശ്രദ്ധയാകര്‍ഷിച്ചത്. നിരവധി ഹിന്ദുസംഘടനകളുടെ സഹായം കൊണ്ട് മാത്രമാണ് സമരഭൂമിയില്‍ പട്ടിണി മരണവും ചികിത്സ കിട്ടാതെയുള്ള മരണവും ഉണ്ടാകാത്തത്.
സ്വയം സമരഭൂമിയില്‍ കൃഷിചെയ്തും നിസ്സാരമായ ദിവസ കൂലിയില്‍ പുറത്ത് കൂലിവേല ചെയ്തും ജീവിക്കുന്ന പാവങ്ങള്‍ക്ക് മഴക്കാലം കടന്നു വന്നതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായി മാറി.
പ്ലാസ്റ്റിക്കും ഈറയും പനമടലും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ചെറുകുടിലുകളില്‍ കഴിയുന്നവര്‍ക്ക് കാറ്റിലും മഴയിലും സ്വൈര്യമായി ഇരിക്കുവാനോ ഉറങ്ങുവാനോ കഴിയുന്നില്ല. കൂറ്റന്‍ റബ്ബര്‍ മരങ്ങള്‍ ഏത് നിമിഷവും ഒടിഞ്ഞ് വീഴാറായി നില്‍ക്കുന്നത് ഭീതി പരത്തുന്നു. മഴയില്‍ കുത്തൊലിച്ച് വരുന്ന മഴവെള്ളത്തെ പലപ്പോഴും നിയന്ത്രിക്കാനാവാതെ വരുന്നു. ഇഴ ജന്തുക്കളുടെയും കാട്ടുജന്തുക്കളുടെയും ആക്രമണങ്ങള്‍ പലതവണയുണ്ടായി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ ശുദ്ധജലത്തിനോ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത് സമരക്കാരെ കൂടുതല്‍ ബൂദ്ധിമുട്ടിക്കുന്നു. പട്ടിണിയും, അക്രമത്തിനുമൊപ്പം മഴക്കാലവും പകര്‍ച്ചപ്പനിയും കൂടി സമരത്തിനെതിരെ തിരിഞ്ഞത് സമരാവേശത്തെ ഒട്ടും കെടുത്തുന്നില്ല. എന്നാല്‍ കൂടുതല്‍ മഴയും പകര്‍ച്ച രോഗങ്ങളും കൂടി എത്തുമ്പോള്‍ സമര ഭൂമിയിലെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകും.
വരുംദിവസങ്ങളില്‍ മിച്ചഭൂമിയില്‍ മഴക്കാലത്തെ ഉപയോഗപ്പെടുത്തി സംയോജിത കക്ഷിക്ക് തുടക്കം കുറിക്കും. സമരഭൂമിയിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം മുതല്‍ അടുത്തുള്ള സ്കൂളുകളില്‍ പോയി തുടങ്ങി. അമ്പതോളം കുട്ടികളാണ് മടത്തറ, അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളില്‍ പോയി തുടങ്ങിയത്. തകര്‍ത്തുപെയ്യുന്ന മഴയ്ക്കും ചീറിയടിക്കുന്ന കാറ്റിനും തങ്ങളുടെ സമരത്തീയെ അണയ്ക്കാനാവില്ലെന്ന് അധികാരികളെ ഓര്‍മ്മിപ്പിക്കുകയാണ് അരിപ്പ സമരഭൂമിയിലെ കാടിന്റെ മക്കള്‍.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: