ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ചെറുപതിപ്പെന്നറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റന് നാളെ അരങ്ങുണരും. ലോകചാമ്പ്യന്മാരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായാണ് കാര്‍ഡിഫില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. 23ന് ബര്മിംഘാമിലാണ് ഫൈനല്‍ പോരാട്ടം. എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്. ഈ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലെ ഏഴാം പതിപ്പാണ് ഇത്തവണ ലണ്ടനിലെ വിവിധ സ്റ്റേഡിയങ്ങളിലായി അരങ്ങേറുന്നത്. 1998-ല്‍ ബംഗ്ലാദേശിലാണ് ആദ്യ ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറിയത്. ദക്ഷിണാഫ്രിക്കയാണ് ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയത്. 2000-ല്‍ കെനിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ന്യൂസിലാന്റും 2004-ല്‍ ഇംഗ്ലണ്ടില്‍ വെസ്റ്റിന്‍ഡീസും കിരീടം സ്വന്തമാക്കിയിരുന്നു. 2002ല്‍ ശ്രീലങ്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ ആതിഥേയര്‍ക്കൊപ്പം സംയുക്ത ചാമ്പ്യന്മാരായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 2006ലും 2009ലും കപ്പ് നേടിയ ഓസ്ട്രേലിയയാണ് കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ളത്.
ഐപിഎല്ലിന്റെ 20 ആവേശം കെട്ടടങ്ങുന്നതിന് മുന്നെതന്നെയാണ് 50 ഓവര്‍ മത്സരങ്ങളുടെ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഐപിഎല്ലിലെ ഒത്തുകളിയില്നിന്ന് ക്രിക്കറ്റ് ലോകത്തിന് വിശ്വാസ്യത വീണ്ടെടുക്കാനുള്ള വേദി കൂടിയാണിത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് രാജ്യങ്ങളാണ് പോരാട്ടത്തില്‍ അണിചേരുക.
ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൊാസെലാന്റ്, ശ്രീലങ്ക എന്നീ ടീമുകളാണ്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക,വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളും അണിനിരക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയില്‍ കടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ 12 മത്സരങ്ങളാണുള്ളത്. സെമിയും ഫൈനലുമടക്കം 15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ജൂണ്‍ 23നാണ് ഫൈനല്‍. ജൂണ്‍ ആറിന് ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ, 11ന് വെസ്റ്റിന്‍ഡീസിനെയും നേരിടും. 15നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.
എകദിന ക്രിക്കറ്റില്‍ നിന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍ വിരമിച്ചശേഷം നടക്കുന്ന ആദ്യ ടൂര്‍ണമെന്റാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി. ചരിത്രത്തില്‍ സച്ചിനില്ലാതെ നടക്കുന്ന രണ്ടാം ചാമ്പ്യന്‍സ് ട്രോഫിയും. 2004ലും സച്ചിന് പങ്കെടുത്തിരുന്നില്ല. മാത്രമല്ല, ബാറ്റിങ് റെക്കോഡുകളില്‍ സച്ചിന് ആദ്യ സ്ഥാനത്തൊന്നുമില്ലാത്ത ടൂര്‍ണമെന്റെന്ന പ്രത്യേകതയും ചാമ്പ്യന്‍സ് ട്രോഫിക്കുണ്ട്. വെസ്റ്റിന്‍ഡീസിന്റെ ഓപ്പണര്‍ ക്രിസ് ഗെയിലാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ടോപ് സ്കോറര്‍. 14 മത്സരങ്ങളില്‍ 695 റണ്‍സെടുത്ത ക്രിസ് ഗെയ്ലാണ് ടൂര്‍ണമെന്റ് ചരിത്രത്തിലെ ടോപ്സ്കോറര്‍. 13 മത്സരങ്ങളില്‍ നിന്നായി 665 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിക്കാണ് ടോപ് സ്കോറര്‍മാരില്‍ രണ്ടാം സ്ഥാനം. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസ് 17 മത്സരങ്ങളില്‍ നിന്നായി 653 റണ്‍സുമായി മൂന്നാം സ്ഥാനത്തും 19 മത്സരങ്ങളില്‍ നിന്ന് 629 റണ്‍സെടുത്ത ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് നാലാം സ്ഥാനത്തുമാണ്.
ചാമ്പ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ന്യൂസിലാന്റിന്റെ നഥാന്‍ ആസ്ലെയുടെ പേരിലാണ്. ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ ആസ്ലെ 145 റണ്‍സ് നേടി. സിംബാബ്വെയുടെ മുന്‍ നായകന് ആന്‍ഡി ഫ്ലവറും 145 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെയായിരുന്നു ഫ്ലവറിന്റെ നേട്ടം. വിക്കറ്റ് വേട്ടയില്‍ ഇന്ത്യയുടെ സൗരവ് ഗാംഗുലിയാണ് മുന്നില്‍. 13 മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളാണ് ബംഗാള്‍ കടുവ സ്വന്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: