ന്യൂദല്‍ഹി: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായും ഘടകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. ആഭ്യന്തര വകുപ്പ് കിട്ടിയേ തീരുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഐ ഗ്രൂപ്പ്.
ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനത്തിന് അനുമതി തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയെ കണ്ടെങ്കിലും കേരളത്തില്‍തന്നെ തീരുമാനിച്ചാല്‍ മതിയെന്നാണ് ലഭിച്ച നിര്‍ദ്ദേശം. ഇതേത്തുടര്‍ന്നാണ് ചെന്നിത്തലയുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത്.
എട്ട് വര്‍ഷം കെ.പി.സി.സി അധ്യക്ഷനായി ഇരുന്ന രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര വകുപ്പ് നല്‍കുന്നതിനോട് എ വിഭാഗത്തിന് ഇപ്പോഴും താത്പര്യമില്ല. ആഭ്യന്തരം കിട്ടിയില്ലെങ്കില്‍ മന്ത്രിയാകാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഐ വിഭാഗം.
ഒഴിവുള്ള മന്ത്രിസ്ഥാനം ഗണേഷ്കുമാറിന് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടതോടെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഗണേഷ് കുമാറിന്റെ മടങ്ങിവരവില്‍ യു.ഡി.എഫില്‍ എതിര്‍പ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: