മാവേലിക്കര: സ്കൂള്‍ അധ്യയനവര്‍ഷം ആരംഭിച്ചതോടെ ജന്മഭൂമിയുടെ ആഭിമുഖ്യത്തിലുള്ള ‘അമൃതം മലയാളം’ വായന പദ്ധതിക്ക് തുടക്കമായി. മാവേലിക്കര വിദ്യാധിരാജ സ്കൂളിലാണ് പദ്ധതി ഇന്നലെ തുടങ്ങിയത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രധാനപ്പെട്ട സ്കൂളുകളില്‍ ഈ പദ്ധതി ആരംഭിക്കും.
അനവധി മാധ്യമങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ പത്രധര്‍മ്മം അനുഷ്ഠിക്കുന്ന ദേശീയ ദിനപത്രമാണ് ജന്മഭൂമിയെന്ന് പൈതൃക ഗ്രാമ സമിതി ജില്ലാ കണ്‍വീനര്‍ എം.പ്രഗത്ഭന്‍ അഭിപ്രായപ്പെട്ടു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതിയുടെ ഉദ്ഘാടന സഭയില്‍ ജന്മഭൂമി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തനിമയോടെ സത്യസന്ധമായ വാര്‍ത്തകള്‍ വായനക്കാരുടെ ചിന്തനത്തിനായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്നു.
മലയാളത്തിന് ശ്രേഷ്ഠഭാഷ ഭാഷ പദവി ലഭിച്ച ഈ സമയത്ത് ഭാഷയുടെ പ്രചാരത്തിന് ജന്മഭൂമിയുടെ അമൃതം മലയാളം വായന പദ്ധതി മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചെട്ടികുളങ്ങര കണ്ണമംഗലം കളീയ്ക്കശ്ശേരി സുരേന്ദ്രന്റെ സ്മരണാര്‍ത്ഥം മകന് സുബിന് സ്കൂള്‍ പ്രിന്‍സിപ്പല്‍ മാലിനി പ്രകാശിന് പത്രത്തിന്റെ കോപ്പി നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജിംഗ് ട്രസ്റ്റി ജയപ്രകാശ് വല്യത്താന് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ചെറുമഠം ബാലന്‍പിള്ള, ആര്.പി.ബാലാജി, വൈസ് പ്രിന്‍സിപ്പല്‍ ആര്.ഗീത, സ്കൂള്‍ സെക്രട്ടറി വിനോദ്, ജന്മഭൂമി എഫ്.ഒ ജി.അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: