കൊച്ചി: എന്‍എസ്എസിനും നേതാക്കള്‍ക്കുമെതിരെ മുസ്ലീം ലീഗിന്റെ മുഖപത്രത്തില്‍ വന്ന ലേഖനത്തിലൂടെ ലീഗിന്റെ തനിനിറമാണ് വ്യക്തമാക്കപ്പെട്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലേഖനത്തിലുടനീളം എന്‍എസ്എസിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ വളരെ നിന്ദ്യമായ പദപ്രയോഗങ്ങളും സുകുമാരന്‍ നായര്‍ക്കെതിരെ വളരെ പരിഹാസവും നിശിതവുമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകള്‍ക്കെതിരെ മുസ്ലിം ലീഗ് യുദ്ധപ്രഖ്യാപനമാണ് ഈ ലേഖനത്തിലൂടെ നടത്തിയിട്ടുള്ളത്.
എന്‍എസ്എസും എസ്എന്‍ഡിപിയും കേരളീയ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച പുതിയ ആശയങ്ങളും, പുതിയ മുദ്രാവാക്യങ്ങളുമാണ് മുസ്ലിം ലീഗിനെ ഇത്തരത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ഹിന്ദു ഐക്യത്തിനെതിരാണ് മുസ്ലിംലീഗ് എന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. എന്‍എസ്എസിനെതിരായുള്ള ഈ യുദ്ധപ്രഖ്യാപനം ഹിന്ദു സമൂഹത്തിന് നേരെയാണെന്നും മുസ്ലീം ലീഗിന്റെ വര്‍ഗ്ഗീയ അജണ്ടയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്‍എസ്എസും എസ്എന്‍ഡിപിയ്ക്കും അഭിമാനാര്‍ഹമായ ചരിത്രവും പാരമ്പര്യവുമാണ് ഉള്ളതെന്നും മുസ്ലിംലീഗിനാകട്ടെ അപമാനകരമായ ചരിത്രവും പാരമ്പര്യവുമേ ഉള്ളൂവെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
ഹിന്ദു ഏകീകരണത്തിനുവേണ്ടി ആവശ്യപ്പെടുന്ന എന്‍എസ്എസിനും എസ്എന്‍ഡിപിയ്ക്കും എതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന മുസ്ലിംലീഗ് മറുഭാഗത്ത് കേരളത്തിലെ മുഴുവന്‍ മതഭീകരവാദ സംഘടനകളെയും ഒരു കുടക്കീഴില് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് രാജ്യദ്രോഹക്കുറ്റത്തിന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മദനിയെ സന്ദര്‍ശിക്കാന്‍ മുസ്ലീംലീഗ് നേതാക്കള്‍ പോയതെന്നും കൃഷ്ണദാസ് പറഞ്ഞു.
ലീഗിന്റെ ഈ യുദ്ധപ്രഖ്യാപനത്തിനു പിന്നിലും മതഭീകരവാദ സംഘടനകളെ ഒരു കുടക്കീഴില് കൊണ്ടുവരാനുള്ള ലീഗിന്റെ ശ്രമത്തിനു പിന്നിലും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്.
തീക്കൊള്ളികൊണ്ട് തലചൊറിയുന്ന തരത്തിലുള്ള മുസ്ലീം ലീഗിന്റെ ഹിന്ദു സാമുദായിക സംഘടനകള്‍ക്കെതിരായ കടന്നാക്രമണം കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കൃഷ്ണദാസ് സൂചിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, അനില്‍കുമാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: