ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി വിവാദത്തില്‍. റിതി സ്പോര്‍ട്സ് എന്ന മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ധോണിക്ക് 15 ശതമാനം ഷെയറുകളുണ്ടെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ധോണിക്ക് പുറമെ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഓജ, ആര്.പി സിംഗ് എന്നിവരു കമ്പനിയുടെ ഇടപാടുകാരാണ്.
ധോണിയുടെ അടുത്ത സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ അരുണ്‍ പാണ്ഡെയുടെ ഉമസ്ഥതയിലുള്ളതാണ് റിതി സ്പോര്‍ട്സ്. ഈ സ്ഥാപനമാണ് ധോണിയുടെ പരസ്യക്കരാറുകള് അടക്കമുള്ള കാര്യങ്ങള്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നത്. ചെന്നെ സൂപ്പര്‍കിംഗ്സ് ടീമിനെ മാര്‍ക്കറ്റ് ചെയ്തതും റിതി സ്പോര്‍ട്ട്സ് തന്നെയാണ്. പുതിയ വിവാദം ധോണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ ഗുരുനാഥ് മെയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തള് ധോണി മൗനം പാലിച്ചതിന് പിന്നില്‍ ഈ ബിസിനസ് ബന്ധം തന്നെയാണെന്നാണ് കരുതുന്നത്. മെയ്യപ്പന്റെ ഭാര്യാപിതാവും ബിസിസിഐ മുന്‍ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന് 2012 ല്‍ ധോണിയുടെ ഇന്ത്യന്‍ നായക പദവി നിലനിര്‍ത്താന്‍ തന്റെ വീറ്റോ പവര്‍ ഉപയോഗിച്ചതും വിവാദമാകും.
ഇന്ത്യന്‍ ടീം തുടര്‍ച്ചയായി എട്ട് ടെസ്റ്റ് തോറ്റു നില്ക്കുമ്പോള് ധോണിയെ നായകസ്ഥാനത്തു നിന്നു നീക്കാന്‍ സെലക്ഷന് കമ്മിറ്റിയില്‍ തീരുമാനമുണ്ടായി. എന്നാല്‍ തന്റെ വീറ്റോ പവര്‍ ഉപയോഗിച്ച് ബോര്‍ഡ് മീറ്റിംഗില്‍ ശ്രീനിവാസന് ധോണിയെ രക്ഷിക്കുകയായിരുന്നു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുളള ഇന്ത്യാ സിമന്റ്സില്‍ ധോണി വൈസ് പ്രസിഡന്റാണ്.
നേരത്തെ ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കു നേരെയും ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങളുണ്ടായിരുന്നു. വിന്ദു ധാരാസിങ്ങുമായി ഒന്നിച്ചി മത്സരങ്ങള്‍ വീക്ഷിച്ചിതും ശ്രീശാന്തിന് കാമുകിയെ പരിചയപ്പെടുത്തിയതിന്റെയും പേരിലാണ് സാക്ഷി വിവാദത്തില്‍ അകപ്പെട്ടത്. റീതി സ്പോര്‍ട്സിന്റെ സഹോദര സ്ഥാപനമായ റിതി എംഎസ്ഡി ഏല്മോഡെ പ്രൈവറ്റ് ലിമിറ്റഡില്‍ ധോണിക്കും ഭാര്യ സാക്ഷിക്കും 65 ശതമാനം ഓഹരിയുണ്ട്. സ്പോര്‍ട്സ് ഫിറ്റ് വേള്‍ഡ് ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ റിതി കമ്പനി, ധോണി, അല്മോഡെ എന്നിവര്‍ക്കായി 73 ശതമാനം ഓഹരിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: