ചങ്ങനാശ്ശേരി: നായര്‍ സമുദായത്തെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും അധിക്ഷേപിച്ച് മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍വന്ന ലേഖനത്തിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ചന്ദ്രികയില്‍വന്ന ലേഖനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം കണ്ട് വിരളിപൂണ്ടിട്ട് എസ്എന്‍ഡിപിയെ പ്രലോഭിപ്പിച്ച് മാറ്റിനിര്‍ത്തുവാനും എന്‍എസ്എസിനെ ഒറ്റയ്ക്കു ആക്രമിക്കുവാനുമുള്ള വ്യാമോഹമാണ് ഇതിനു പിന്നിലുള്ളതെന്നും കരുതുന്നു. നായര്‍ സമുദായം പരമ്പരാഗതമായി കാര്ഷികാഭിവൃദ്ധിയ്ക്കായും രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. കള്ളനോട്ടടിക്കാരോ, കരിഞ്ചന്തക്കാരോ, രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവരോ അല്ല നായര്‍ സമുദായം. സമുദായ സൗഹാര്‍ദ്ദം എന്നും നിലനിന്നുകാണണമെന്നുള്ള മതേതര പ്രസ്ഥാനമാണ് എന്‍എസ്എസ്.
വ്യക്തിഹത്യ നടത്താന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശമില്ല. ഇവിടെ വര്‍ഗീയ കലാപത്തിനുവേണ്ടിയുള്ള ശ്രമം നടത്താനാണ് ചിലരുടെ ശ്രമം. ഇതിനു മറുപടി പറയാന്‍ അറിയാത്തകൊണ്ടോ ശക്തിയില്ലാത്തതുകൊണ്ടോ അല്ല. രാജ്യത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കണമെന്നുള്ള ആത്മാര്‍ത്ഥമായ തത്വമാണ് സമുദായാചാര്യന്‍ മന്നത്തുപത്മനാഭന് പഠിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു പ്രസ്താവന എന്‍എസ്എസിന്റെ മുഖപത്രത്തില്നിന്നായിരുന്നുവെങ്കില് ഈ രാജ്യം കത്തിക്കുമായിരുന്നു. അവരാണ് ഇത്തരം പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ മുസ്ലിം ലീഗാണ്. ആര്‍എസ്എസ് ഒരു പ്രത്യേക സംഘടനയാണ്. എല്ലാവരോടുമുള്ള സമീപനമാണ് അവരോടുമുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുകുമാരന്‍നായര്‍ പറഞ്ഞു.
വളരെ സംയമനത്തോടുകൂടിയാണ് ഈ വിഷയത്തെ കാണുന്നത്. അതുകൊണ്ട് സംസ്കാര ശൂന്യന്മാര്‍ എന്നു മാത്രമേ പറയുന്നുള്ളു. തത്ക്കാലത്തെ രാഷ്ട്രീയ ലാഭം വെച്ച് ഒരു നൂറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെയും നായര്‍ സമുദായത്തെയും അതിന്റെ നേതാക്കളെയും അടച്ചാക്ഷേപിക്കുവാനും അവഹേളിക്കുവാനും ആര്‍ക്കാണ് അവകാശമുള്ളത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ തന്റെ യോഗ്യതയെകുറിച്ച് പറയാന്‍ എന്‍എസ്എസിനും സമുദായത്തിനും അല്ലാതെ മറ്റാര്‍ക്കും അവകാശമില്ല. മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗത്തിനു മറുപടി പറയേണ്ടത് വാക്കുകള്‍കൊണ്ടല്ല. അത് അത്രകണ്ട് സംസ്കാരശൂന്യമാണ്. ബുദ്ധിപൂര്‍വ്വമായ പ്രവൃര്ത്തിയിലൂടെയും സംയമനത്തിലൂടെയുമാണ് ഈ പ്രതിസന്ധിയെ നായര്‍ സമുദായം തരണം ചെയ്യണം. അതിനുള്ള ശക്തി സമുദായത്തിനും സംഘടനയ്ക്കുമുണ്ട്. മറ്റാരുടെയും സഹായവും അതിനാവശ്യമില്ല. ഇത് ചെയ്തതാരെന്നും ചെയ്യിച്ചതാരെന്നും അതിനുപിന്നിലെ ലക്ഷ്യം എന്തെന്നും വളരെ വ്യക്തമാണ്. മന്നത്തു പത്മനാഭന് അടക്കം നായര്‍ സമുദായത്തെ അധിക്ഷേപിച്ചവര്‍ക്ക് മാപ്പില്ല. മന്നത്തുപത്മനാഭന് നായര്‍സമുദായത്തിന്റെ സര്‍വ്വസ്വവുമാണ്. സമൂഹ്യനീതിക്കും സമുദായനീതിക്കും വേണ്ടി ചിലപൊതുവായ കാര്യങ്ങള്‍ എന്‍എസ്എസ് മുന്നോട്ടുവെച്ചിട്ടുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ് സര്‍ക്കാര്‍ അതിന്റെ മുന്നില്‍ മുട്ടുകുത്തും അതിനും കീഴ്പ്പെടേണ്ടിവരും. അത് ഇപ്പോഴും കത്തുകയാണ്.
എന്‍എസ്എസിനെയോ നേതൃത്വത്തെ മാറ്റിനിര്‍ത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ ലോകത്താണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വര്‍ഗീയവാദിയാണെന്ന് പറയുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ഫോണ്‍ ചോര്‍ത്തിയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങിനെയാണോ ഒരു മുഖ്യമന്ത്രി പറയേണ്ടത്. അത് അന്വേഷിക്കാം എന്നെങ്കിലും പറയേണ്ടേ. ഒരു മുഖ്യമന്ത്രിയായിട്ടിരിക്കാന് യോഗ്യതയുണ്ടോ അദ്ദേഹത്തിന്. ഒരു വര്‍ഗീയകലാപം സൃഷ്ടിക്കുവാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിച്ചുകൊണ്ടാവും എന്‍എസ്എസിന്റെ മുന്നോട്ടുള്ള നിലപാടുകള്‍. എന്നാല്‍ അതിരുകടന്നുവന്നാല് പിന്നീട് എന്തുവേണമെന്ന് ആലോചിക്കും. മഹാരഥന്മാര് ഇരുന്നു നയിച്ചിട്ടുള്ള പ്രസ്ഥാനമാണ് മുസ്ലിംലീഗ്. എന്നാല്‍ അതിനു മൂല്യച്യുതിവന്നു. അവരു പറഞ്ഞഭാഷ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ലീഗ് ഇത്തരം പ്രസ്താവനകള്‍ നടത്തിയത്. ഉമ്മന്‍ ചാണ്ടിയാണ് ഇതിന്റെ ക്യാപ്റ്റന്‍. ഇതുകൊണ്ടൊന്നും സത്യം സത്യമല്ലാതാകില്ല.
എന്‍എസ്എസിന് കോണ്‍ഗ്രസുമായി ഒരു ധാരണയുണ്ടായിരുന്നു. എന്‍എസ്എസുമായുള്ള ധാരണ തെറ്റിയതാണ് കോണ്‍ഗ്രസില്‍നിന്നും അകലാനിടയായത്. എന്നാല്‍ എസ്എന്‍ഡിപിക്ക് അങ്ങിനെയൊരു ധാരണ കോണ്ഗ്രസ്സുമായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് എസ്എന്‍ഡിപിയ്ക്ക് കോണ്‍ഗ്രസിനോട് അകല്ച്ചയില്ലാത്തതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി സുകുമാരന്‍നായര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: