കോഴിക്കോട്: കണ്ണന് ഇന്നലെ ഏറെ തിരക്കിലായിരുന്നു; പുതിയ പുസ്തകവും പുത്തന്‍ യൂണിഫോമുമെല്ലാം എടുത്ത് വെച്ച് സ്കൂളില്‍ പോകാനുള്ള അവസാനവട്ട ഒരുക്കം. കൂട്ടിന് ഉണ്ണിയുമുണ്ട്. പ്രിയ സഹോദരി അച്ചുവിനൊപ്പമായിരുന്നു സ്കൂളിലേക്ക് കഴിഞ്ഞ വര്‍ഷം കണ്ണന് പോയിരുന്നതെങ്കില്‍ ഇത്തവണ അച്ചു കൂടെയില്ല. ഉണ്ണിയാണ് ഒപ്പമുള്ളത്. ഉണ്ണിയേട്ടന്റെ കൈപിടിച്ച് പഴയകൂട്ടുകാരുടെ അടുത്ത് എത്തുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു ഇന്നലെ മുഴുവന്‍ അവന്റെ മനസ്സില്‍. കണ്ണനെയും അച്ചുവിനെയും ഉണ്ണിയെയുമൊന്നും മനസ്സിലാവാന്‍ ഇടയില്ല കാരണം അവര്‍ നമുക്ക് പരിചിതരല്ല. എന്നാല്‍ അച്ചു എന്ന വിളിപ്പേരുള്ള അദിതി എസ്. നമ്പൂതിരിയെ കേരളം മറക്കില്ല. അച്ഛന് സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവികയുടെയും ക്രൂര പീഡനത്തെത്തുടര്‍ന്ന് ഏപ്രില്‍ 29 നാണ് അച്ചു എന്ന അദിതി എസ് നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും തുടര്‍ന്ന് മരിക്കുന്നതും.
ബിലാത്തിക്കുളം ബിഇഎം യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അദിതി എസ് നമ്പൂതിരി. കണ്ണന് എന്നു വിളിക്കുന്ന അരുണ്‍ എസ് നമ്പൂതിരി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും. അദിതി എസ് നമ്പൂതിരിയുടെ മരണത്തെത്തുടര്‍ന്ന് അച്ഛന് സുബ്രഹ്മണ്യന് നമ്പൂതിരിയും രണ്ടാനമ്മ ദേവികയും പോലീസ് കസ്റ്റഡിയില്‍ ആയതോടെ അരുണ്‍ പിതൃസഹോദരനൊപ്പം തിരുവമ്പാടിയിലെ തറവാട്ട് വീട്ടിലേക്ക് താമസം മാറ്റി. താഴെ തിരുവമ്പാടി തട്ടാക്കാട്ട്ഇല്ലമാണ് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ തറവാട്. ഇവിടെ സുബ്രഹ്മണ്യന് നമ്പൂതിരിയുടെ സഹോദരന്മാരായ വാസുദേവന്‍ നമ്പൂതിരിയുടെയും വിനോദ് നമ്പൂതിരിയുടെയും സംരക്ഷണത്തില്‍ സന്തോഷവാനായാണ് അരുണ്‍ കഴിയുന്നത്. പിതൃസഹോദരന്മാരുടെ മക്കള്‍ക്കൊപ്പം കളിയും ചിരിയുമായി തള്ളിനീക്കുകയാണ് ഈ പിഞ്ചു ബാലന്
താമസം തിരുവമ്പാടിയിലേക്ക് മാറ്റിയതോടെ കോഴിക്കോട് നഗരത്തിലെ ബിലാത്തിക്കുളം ബിഇഎം യുപി സ്കൂളില്‍ നിന്ന് വിടുതല്‍ വാങ്ങി തറവാടുവീട്ടിന് സമീപത്തെ സേക്രഡ് ഹാര്‍ട്ട് യു.പി. സ്കൂളിലാണ് നാലാം ക്ലാസില്‍ അരുണ്‍ പ്രവേശനം നേടിയിരിക്കുന്നത്. പിതൃസഹോദരന് വാസുദേവന്‍ നമ്പൂതിരിയുടെ മകന് ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് അരുണിന് കൂട്ടായി സ്കൂളിലേക്ക് പോകുന്നത്. ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണികൃഷ്ണന്.
ബിലാത്തിക്കുളം ബിഇഎം .യു.പി സ്കൂളില്‍ മൂന്നാം ക്ലാസിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു അരുണ്‍. സ്കൂളിനെ കുറിച്ച് ചോദിച്ചപ്പോള്‍ ലൈസ ടീച്ചറെക്കുറിച്ച് മാത്രമാണ് അരുണിന് പറയാനുള്ളത്. ഒന്നാം ക്ലാസില്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ തന്നെയാണ് അരുണ്‍ പഠിച്ചത്. അതു കൊണ്ട്തന്നെ പഴയകൂട്ടുകാരുണ്ടാകും കൂട്ടിന് എന്ന പ്രതീക്ഷയാണ് അരുണിനുള്ളത്.
അരുണിന്റെ അമ്മ ശ്രീജയുടെ അപകടമരണത്തെത്തുടര്‍ന്ന് മുത്തശ്ശി ഉമാദേവിയായിരുന്നു ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍പോകാന്‍ വേണ്ടി അരുണിനെ ഒരുക്കിയിരുന്നത്. ഇന്നലെ മുത്തശ്ശി മാത്രമല്ല അമ്മ ശ്രീജയുടെ അച്ഛന് വാസുദേവന്‍ നമ്പൂതിരിയും അമ്മ മാലതിയുമെല്ലാം അരുണിനൊപ്പമുണ്ടായിരുന്നു. തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അരുണിനെ കുഴക്കിയില്ലെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അവനല്‍പ്പം പാടുപെട്ടു. ഉണ്ണികൃഷ്ണനും വിനോദ് നമ്പൂതിരിയുടെ മകള്‍ അഞ്ജിതയും അരുണിനൊപ്പം ചേര്‍ന്ന് പുസ്തകങ്ങളും മറ്റും എടുത്തുവെച്ചു. ഇനി നേരം വെളുക്കട്ടെ എന്നിട്ടുവേണം സ്കൂളില്‍ പോകാന്‍ എന്നായി അരുണ്‍. തന്നെ തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ നടന്നു നീങ്ങുമ്പോള്‍ ഇരുകയ്യും വീശി യാത്രപറയാന്‍ അരുണ്‍ മറന്നില്ല. അപ്പോഴും അവന് പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
പി.ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: